അങ്കണവാടിയിൽ വീണ് മൂന്നര വയസുകാരിക്ക് പരുക്കേറ്റ സംഭവം; ടീച്ചർക്കും ഹെൽപ്പർക്കുമെതിരെ കേസെടുത്തു

തിരുവനന്തപുരം മാറനല്ലൂരിൽ അങ്കണവാടിയിലെ ജനലിൽ നിന്നും വീണ് മൂന്നര വയസുകാരിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ അങ്കണവാടി ടീച്ചർക്കും ഹെൽപർക്കുമെതിരെ പോലീസ് കേസെടുത്തു. മാറനല്ലൂർ അങ്കണവാടിയിലെ ടീച്ചർ ശുഭലക്ഷ്മി, ഹെൽപ്പർ ലത എന്നിവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തത്.
77 ജെജെ ആക്ട് പ്രകാരമാണ് കേസ്. വിദഗ്ധ ഉപദേശം തേടിയ ശേഷമാണ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കഴിഞ്ഞ ദിവസം ഇരുവരെയും വനിതാ ശിശു വികസന ഓഫീസർ വകുപ്പ് തല നടപടിയുടെ ഭാഗമായി സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് പോലീസ് കേസെടുത്തത്.
നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് കുട്ടിയുടെ അച്ഛൻ രതീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അങ്കണവാടി അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായി. പ്രാഥമിക ശുശ്രൂഷ പോലും നൽകുന്നതിൽ പരാജയപ്പെട്ടെന്നും രതീഷ് പറഞ്ഞു.
The post അങ്കണവാടിയിൽ വീണ് മൂന്നര വയസുകാരിക്ക് പരുക്കേറ്റ സംഭവം; ടീച്ചർക്കും ഹെൽപ്പർക്കുമെതിരെ കേസെടുത്തു appeared first on Metro Journal Online.