അമ്മുവിന്റെ മരണത്തിലെ പോലീസ് അന്വേഷണം തൃപ്തികരം; മുഖ്യമന്ത്രിയെ കണ്ട് കുടുംബം

പത്തനംതിട്ടയിൽ മരിച്ച നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ കുടുംബം മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടു. മകളുടെ മരണത്തിലുള്ള പോലീസ് അന്വേഷണത്തിൽ തൃപ്തരാണെന്ന് കുടുംബം അറിയിച്ചു. ആശുപത്രിയിൽ നിന്നുള്ള അനാസ്ഥയാണ് ചൂണ്ടിക്കാട്ടിയത്.
അന്വേഷണത്തിൽ എല്ലാ കാര്യങ്ങളും പുറത്തു കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും കുടുംബം അറിയിച്ചു.അതേസമയം സംഭവത്തിൽ സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. കൂടുതൽ വിദ്യാർഥികളുടെ മൊഴിയെടുക്കുമെന്നും അതിന് ശേഷം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകൂവെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ പറഞ്ഞു.
അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളെയും 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കുമെന്ന് പോലീസ് കോടതിയിൽ വാദിച്ചിരുന്നു. പ്രതികൾ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിച്ചേക്കും.
The post അമ്മുവിന്റെ മരണത്തിലെ പോലീസ് അന്വേഷണം തൃപ്തികരം; മുഖ്യമന്ത്രിയെ കണ്ട് കുടുംബം appeared first on Metro Journal Online.