Kerala

ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ ബി. മുരാരി ബാബു (54) അന്തരിച്ചു. അർബുദ രോഗബാധിതനായി കഴിഞ്ഞ മൂന്നു മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് (ജൂൺ 13, ശനിയാഴ്ച) പുലർച്ചെ 12.48 ഓടെയായിരുന്നു അന്ത്യം. ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയാണ്.

​ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നും സ്വർണം കവർന്ന കേസിൽ രണ്ടാം പ്രതിയായിരുന്നു മുരാരി ബാബു. 2019-ൽ ശബരിമലയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെ, സ്വർണപ്പാളികളെ ചെമ്പാണെന്ന് തെറ്റായി രേഖപ്പെടുത്തി വ്യാജരേഖയുണ്ടാക്കി എന്നതായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള പ്രധാന കണ്ടെത്തൽ. ഈ കേതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) ഒക്ടോബറിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

​കേസിൽ അറസ്റ്റിലായ ആദ്യ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്നു മുരാരി ബാബു. തൊണ്ണൂറ് ദിവസത്തോളം ജയിൽവാസം അനുഭവിച്ച ഇദ്ദേഹത്തിന്, അന്വേഷണസംഘം കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. ജയിൽ മോചിതനായതിന് പിന്നാലെ ആരോഗ്യനില വഷളാവുകയും തുടർന്ന് നടത്തിയ പരിശോധനയിൽ അർബുദം സ്ഥിരീകരിക്കുകയുമായിരുന്നു.

​1994-ൽ കേരള പൊലീസിൽ കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ചെങ്കിലും പരിശീലനം പൂർത്തിയാക്കാതെ ആ ജോലി ഉപേക്ഷിച്ചിരുന്നു. തുടർന്ന് 1997-ലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജീവനക്കാരനായി ചേരുന്നത്. ദേവസ്വം ബോർഡിലെ ജീവനക്കാരുടെ സംഘടനയായ സി.ഐ.ടി.യു (CITU) കോൺഫെഡറേഷന്റെ സജീവ സംഘാടകൻ കൂടിയായിരുന്നു.

​സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് ചങ്ങനാശ്ശേരി പെരുന്നയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ നടക്കും.

See also  എംടി മലയാളത്തിനും കേരളത്തിനും നൽകിയ സംഭാവനകൾ തലമുറകളോളം നിലനിൽക്കും: എംകെ സ്റ്റാലിൻ

Related Articles

Back to top button