ഒമ്പത് വയസുകാരിയെ വാഹനമിടിച്ച് കോമാവസ്ഥയിലാക്കിയ കേസ്; ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

വടകര അഴിയൂർ ചോറോട് 9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസിലെ പ്രതി ഷജീലിന് മുൻകൂർ ജാമ്യം ഇല്ല. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. അപകടത്തിൽ പുത്തലത്ത് ബേബിയെന്ന സ്ത്രീ മരിക്കുകയും ഇവരുടെ പേരക്കുട്ടി ദൃഷാന കോമയിലാകുകയുമായിരുന്നു.
അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകടവിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടിയെടുത്തു തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിർത്ത് പോലീസ് കോടതിയിൽ ഉന്നയിച്ചത്. വിദേശത്തുള്ള ഷജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
ഫെബ്രുവരി 17നാണ് ചോറോട് വെച്ച് ഷജീൽ ഓടിച്ച കാറിടിച്ച് 62 വയസുകാരി മരിക്കുകയും കൊച്ചുമകൾ ദൃഷാന കോമയിൽ ആകുകയും ചെയ്തതത്. ചോറോട് വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ദൃഷാനയെയും മുത്തശ്ശിയെയും അമിത വേഗതയിലെത്തിയ കാർ ഇടിച്ചത്
മുത്തശ്ശി ബേബി സംഭവസ്ഥലത്ത് വെച്ച് മരിച്ചു. അപകടം നടന്ന് മാസങ്ങൾക്ക് ശേഷമാണ് അന്വേഷണസംഘം പ്രതിയെ തിരിച്ചറിഞ്ഞത്. നഷ്ടപരിഹാരത്തിനായി പ്രതി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്.
The post ഒമ്പത് വയസുകാരിയെ വാഹനമിടിച്ച് കോമാവസ്ഥയിലാക്കിയ കേസ്; ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി appeared first on Metro Journal Online.