Local
കരാട്ടെയിൽ ജില്ലയ്ക്ക് അഭിമാനമായി ഈ കുട്ടികൾ

കാവനൂർ : എറണാകുളം കോലഞ്ചേരി കടയിരുപ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന കേരള സ്പോർട്സ് കൗൺസിൽ അംഗീകൃത സംസ്ഥാനതല കരാട്ടെ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയ്ക്കുവേണ്ടി കാവനൂരിന്റെ താരങ്ങൾ 17 മെഡലുകൾ നേടി. കാവനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാമ്പ്യൻസ് മാർഷ്യൽ ആർട്സ് അക്കാദമിയിലെ കുട്ടികളാണ് ഒരു സ്വർണമെഡലും 11 വെള്ളിമെഡലുകളും അഞ്ച് വെങ്കലമെഡലുകളും നേടിയത്. തിരുനാവായ നാവാമുകുന്ദ സ്കൂളിൽ നടന്ന ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 497 പോയിന്റ് നേടി ജില്ലയിൽ രണ്ടാം സ്ഥാനം നേടുകയും 40 കുട്ടികൾ ജില്ലയ്ക്കുവേണ്ടി സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തിരുന്നു. സ്വർണമെഡൽ നേടിയ തൗഫീഖ് സിനാൻ ജൂനിയർ ആൺകുട്ടികളുടെ ഫൈറ്റിങ് മത്സരത്തിലെ 50 കിലോ വെയ്റ്റ് വിഭാഗത്തിൽ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് കേരള ടീമിൽ ഇടം നേടിയിട്ടുണ്ട്.