കാവനൂർ: എളയൂരിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന പി.സി. പത്മനാഭന്റെ സ്മരണയ്ക്കായി എളയൂർ യുവജനസംഘം വായനശാലയിൽ ഒരു പുതിയ ഹാൾ തുറന്നു. 50 പേർക്ക് ഇരിക്കാവുന്ന ഈ ഹാൾ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പി.സി. പത്മനാഭൻ കാവനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, ലൈബ്രറി കൗൺസിൽ പ്രവർത്തകൻ, എളയൂർ പാലിയേറ്റീവ് സൊസൈറ്റി സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സമൂഹത്തിന്റെ പുരോഗതിക്കായി അദ്ദേഹം നടത്തിയ സേവനങ്ങൾ യോഗത്തിൽ അനുസ്മരിച്ചു. ഡോ. അനിൽ ചേലേമ്പ്ര സാംസ്കാരിക പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ പി.സി. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു.
ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് പി. നാരായണൻ, കാവനൂർ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ദിവ്യ രതീഷ്, ഷാഹിന, ബീന ചന്ദ്രൻ, വി. രാമചന്ദ്രൻ, എളയൂർ യുവജനസംഘം വായനശാല പ്രസിഡന്റ് പി. സച്ചിദാനന്ദൻ, സെക്രട്ടറി കെ.എൻ. രാമകൃഷ്ണൻ, പി.ടി. ഫിറോസ് ഖാൻ എന്നിവർ പ്രസംഗിച്ചു.
ഹർഷ എളയൂർ, ശ്രീരഞ്ജിനി, വിശ്വജിത്ത് മഞ്ചേരി എന്നിവർ അവതരിപ്പിച്ച ഗസൽ സന്ധ്യയും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു.