പിഎം ശ്രീയിൽ അനുനയ നീക്കവുമായി മുഖ്യമന്ത്രി; ബിനോയ് വിശ്വവുമായി ഫോണിൽ സംസാരിച്ചു

പിഎം ശ്രീ വിവാദത്തിൽ അനുനയ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ചു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനാൽ കരാറിൽ നിന്ന് പിന്നോട്ടു പോകുന്നത് പ്രയാസമാണെന്നും ഫണ്ട് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ബിനോയ് വിശ്വം എതിർപ്പ് ആവർത്തിച്ചു
കരാറിൽ ഒപ്പിട്ടത് ശരിയായില്ലെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയോട് പറഞ്ഞു. ഇന്ന് നടക്കുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ചർച്ചയാകും. സിപിഐ എക്‌സിക്യൂട്ടീവ് യോഗവും ഇന്ന് ആലപ്പുഴയിൽ നടക്കും. കരാറിൽ നിന്ന് പിൻമാറണമെന്ന സിപിഐയുടെ ആവശ്യത്തോട് സിപിഎം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല
കടുത്ത തീരുമാനങ്ങളിലേക്ക് സിപിഐ പോകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. മന്ത്രിമാരെ കാബിനറ്റിൽ നിന്ന് പിൻവലിക്കണം, മന്ത്രിമാരെ രാജിവെപ്പിക്കണം തുടങ്ങിയ കടുത്ത നിർദേശങ്ങളാണ് സിപിഐ നേതാക്കളുടെ ഭാഗത്ത് നിന്നുയരുന്നത്. അന്തിമ തീരുമാനം ഇന്ന് സിപിഐ സ്വീകരിക്കും.



