മുക്കം ചലച്ചിത്രോത്സവം സലാം കാരശേരിയെ അനുസ്മരിച്ചു

കേരള ചലച്ചിത്ര അക്കാദമിയുമായി ചേർന്ന് മുക്കം നഗരസഭ സംഘടിപ്പിക്കുന്ന മുക്കം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സലാം കാരശ്ശേരി നിർമിച്ച് ടി വി ചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച നവധാര മൂവീസിൻ്റെ ഓർമകളുണ്ടായിരിക്കണം എന്ന ചിത്രം പ്രദർശിപ്പിച്ചു.
പ്രദർശനാനന്തരം നടന്ന ഓപ്പൺ ഫോറത്തിൽ നിർമാതാവും, അഭിനേതാവും, എഴുത്തുകാരനുമായ സലാം കാരശശ്ശേരിയെ അനുസ്മരിച്ചു.
മുക്കം പി സി തിയേറ്ററിൽ നടന്ന ഓപ്പൺ ഫോറത്തിൽ
കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ കാനേഷ് പൂനൂര് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
മുക്കത്തിൻ്റെ എന്നല്ല മലയാളത്തിൻ്റെത്തന്നെ ദൃശ്യസംസ്കാരത്തിന് പുതുവഴി കാണിച്ച സിനിമക്കാരനായിരുന്നു സലാം കാരശ്ശേരിയെന്ന് മുഖ്യാതിഥിയായെത്തിയ സിനിമാതാരം വിജയൻ കാരന്തൂർ പറഞ്ഞു.
സിനിമയുടെയും അതിൻ്റെ രാഷ്ട്രീയത്തിൻ്റെയും ഉള്ളറിഞ്ഞ ചലച്ചിത്ര പ്രവർത്തകനായിരുന്നു സലാം കാരശ്ശേരിയെന്ന് ‘സലാം കാരശ്ശേരിയും സിനിമയും’ എന്ന പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ച വിജീഷ് പരവരി ഓർമ്മപ്പെടുത്തി. മുക്കത്തുകാർക്ക് വഴികാട്ടിയായ അതുല്യപ്രതിഭയായ സിനിമാക്കാരനായിരുന്നു സലാം കാരശ്ശേരിയെന്ന് എഴുത്തുകാരൻ എ വി സുധാകരൻ മാസ്റ്റർ അനുസ്മരിച്ചു.
കലാമൂല്യമുള്ള സിനിമകളുടെ ഭാഗമാകുന്നതിലാണ് അദ്ദേഹം ജീവിത സാഫല്യം തേടിയത്, അതദ്ദേഹം നേടി; പിതാവിൻ്റെ സിനിമാവഴികളെക്കുറിച്ച് സലാം കാരശ്ശേരിയുടെ മകനും ചലച്ചിത്രനടനുമായ എൻ എം ഹാഷിർ പറഞ്ഞു. മലിക് നാലകത്ത് മോഡറേറ്ററായി. ഫെസ്റ്റിവൽ ഡയറക്ടർ കെ വി വിജയൻ എന്നിവർ സംസാരിച്ചു.