Local

സംസ്ഥാനത്ത് താപനില ഉയരാന്‍ സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മലപ്പുറം: കേരളത്തിൽ വീണ്ടും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോട്ടയം, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ രണ്ടു മുതല്‍ നാലു ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.

പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും, തൃശൂർ ജില്ലയില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി വരെയും, കോട്ടയം, മലപ്പുറം, കോഴിക്കോട് കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

മധ്യ കേരളത്തിലെയും തെക്കന്‍ കേരളത്തിലെയും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട വേനല്‍ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കേരളതീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

See also  കാവനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം നാടിനു സമർപ്പിച്ചു

Related Articles

Back to top button