Local
വിവാഹ വാർഷികാഘോഷം വൃക്ക രോഗികൾക്കൊപ്പം

അരീക്കോട്: അരീക്കോട് സ്വദേശികളായ രമേശൻ ചേമ്പ്രേരിയും ഭാര്യ സുനിതയും തങ്ങളുടെ മുപ്പത്തിനാലാം വിവാഹ വാർഷിക ആഘോഷത്തിനായി മാറ്റിവെച്ച തുക ഏർനാട് ഡയാലിസിസ് സെന്ററിലേക്ക് സംഭാവനയായി നൽകി. പാവപ്പെട്ട കിഡ്നി രോഗികളെ സൗജന്യമായി ചികിൽസിക്കുന്ന സ്ഥാപനമാണ് അരീക്കോട് ഉഗ്രപുരത്ത് പ്രവർത്തിക്കുന്ന ഏറനാട് ഡയാലിസിസ് സെന്റർ. ഡയാലിസിസ് സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ ട്രസ്റ്റിയും സഹപാഠിയുമായ കെ. സുരേഷ് ബാബുവിന് തുക കൈമാറി. ജീവിതത്തിലെ ഏറ്റവും മനോഹരവും സന്തോഷകരവുമായ വാർഷികാഘോഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. അവർക്ക് ആനന്ദകരമായ ജീവിതവും ആയുരാരോഗ്യവും ഉണ്ടാകട്ടെ എന്ന് ട്രസ്റ്റ് അംഗങ്ങൾ ആശംസിച്ചു.