മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഞായറാഴ്ച കോഴിക്കോട് മർകസിൽ; കാന്തപുരവുമായി കൂടിക്കാഴ്ച
മർകസ് നോളജ് സിറ്റി സന്ദർശിക്കും; കാന്തപുരവുമായി വിദ്യാഭ്യാസം, മതസൗഹാർദം, സാംസ്കാരിക സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തും

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഞായറാഴ്ച കേരളത്തിലെത്തും. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കോഴിക്കോട് മർകസിലെത്തുന്ന അദ്ദേഹം മർകസ് സ്ഥാപകനും പ്രമുഖ സുന്നി പണ്ഡിതനുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തും. മർകസിന്റെയും കാരന്തൂർ മർകസ് നോളജ് സിറ്റിയുടെയും ക്ഷണത്തെ തുടർന്നാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനം.
സന്ദർശനത്തിനിടെ കോഴിക്കോട് മർകസ് കോംപ്ലക്സും കൈതപ്പൊയിലിലുള്ള മർകസ് നോളജ് സിറ്റിയും അൻവർ ഇബ്രാഹിം സന്ദർശിക്കും. വിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതിക മേഖലകൾ എന്നിവയിൽ സഹകരണം കൂടുതൽ ശക്തമാക്കുന്നതും സമകാലിക ഇസ്‌ലാമിക വിഷയങ്ങളിൽ ആശയവിനിമയം നടത്തുന്നതും കൂടിക്കാഴ്ചയിലെ പ്രധാന വിഷയങ്ങളായിരിക്കും. മതസൗഹാർദം, സംവാദം, മിതവാദം തുടങ്ങിയ മൂല്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനുള്ള ആശയവിനിമയവും നടക്കും.
തെക്കുകിഴക്കൻ ഏഷ്യയിലെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ കാന്തപുരം മുന്നോട്ടുവെക്കുന്ന ആശയങ്ങൾക്ക് ലഭിച്ചുവരുന്ന സ്വീകാര്യതയും ഈ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു. മലേഷ്യൻ പ്രധാനമന്ത്രിയായതിന് ശേഷമുള്ള അൻവർ ഇബ്രാഹിമിന്റെ രണ്ടാമത്തെ കേരള സന്ദർശനമാണിത്. നേരത്തെ കാന്തപുരവുമായി നടത്തിയ കൂടിക്കാഴ്ചകളുടെയും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെയും തുടർച്ചയായാണ് പുതിയ സന്ദർശനം വിലയിരുത്തപ്പെടുന്നത്.
തെക്കുകിഴക്കൻ ഏഷ്യയിലെ രാഷ്ട്രീയ, അക്കാദമിക് മേഖലകളിൽ കാന്തപുരത്തിനുള്ള സ്വാധീനവും ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ദീർഘകാല സാംസ്കാരിക ബന്ധവും ഈ സന്ദർശനത്തിലൂടെ കൂടുതൽ ശ്രദ്ധേയമാകുമെന്നാണ് വിലയിരുത്തൽ.
യു.എ.ഇ, സൗദി അറേബ്യ, ജോർദാൻ, ഈജിപ്ത്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളുമായും രാജകുടുംബാംഗങ്ങളുമായും കാന്തപുരം വർഷങ്ങളായി അടുത്ത ബന്ധം പുലർത്തിവരുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ വിവിധ ഔദ്യോഗിക പരിപാടികളിലും അന്താരാഷ്ട്ര പണ്ഡിത സമ്മേളനങ്ങളിലും അദ്ദേഹം നിരന്തരം ക്ഷണിക്കപ്പെടാറുണ്ട്.
ലോകസമാധാനം, മതസൗഹാർദം, സഹിഷ്ണുത, വിദ്യാഭ്യാസ പുരോഗതി തുടങ്ങിയ മേഖലകളിൽ കാന്തപുരം നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ ആത്മീയ പാരമ്പര്യവും വൈജ്ഞാനിക മുന്നേറ്റങ്ങളും അന്താരാഷ്ട്ര വേദികളിൽ അവതരിപ്പിക്കുന്നതിലും അദ്ദേഹം ദീർഘകാലമായി സജീവമാണ്.
ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് അൻവർ ഇബ്രാഹിം ഇന്ത്യയിലെത്തുന്നത്. ആഗോള ദക്ഷിണ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങൾ വിപുലീകരിക്കുന്നതിനും മലേഷ്യ വലിയ പ്രാധാന്യമാണ് ഉച്ചകോടിക്ക് നൽകുന്നത്.
ഇന്ത്യൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായും അൻവർ ഇബ്രാഹിം പ്രത്യേക ഉഭയകക്ഷി ചർച്ചകൾ നടത്തും.

