അരീക്കോട് പഞ്ചായത്ത് സംരംഭകത്വ വികസന മേള നാളെ

അരീക്കോട് : വ്യവസായ വകുപ്പിന്റെയും അരീക്കോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകർക്കായുള്ള ലോൺ- ലൈസൻസ്- സബ്സിഡി മേള നാളെ അരീക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും. മേള പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് അഡ്വ. ദിവ്യ അധ്യക്ഷത വഹിക്കും. നാളെ രാവിലെ 10ന് തുടങ്ങുന്ന പരിപാടിയിൽ സംരംഭകർക്കായി വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ താൽപര്യമുള്ളവർക്ക് അതിന് സർക്കാർ നൽകുന്ന പിന്തുണകൾ, സബ്സിഡികൾ, വായ്പ, ആവശ്യമായ ലൈസൻസ് തുടങ്ങിയ എല്ലാ കാര്യങ്ങളെ കുറിച്ചും വിശദീകരിക്കും. അതോടൊപ്പം സംരംഭകർക്കുള്ള സംശയ നിവാരണവും ഉണ്ടായിരിക്കും. സംരംഭകർക്ക് പ്രത്യേകം ലഭ്യമാകുന്ന വായ്പകളെ കുറിച്ച് ബാങ്ക് മാനേജർമാരുമായി നേരിട്ട് സംവദിക്കാനും അവസരം ഉണ്ടാകും. കൂടാതെ പുതിയ സംരംഭങ്ങൾ തുടങ്ങുന്നവർക്കുള്ള ലൈസൻസ് എഫ് എസ് എസ് എ ഐ രജിസ്ട്രേഷൻ, പാക്കർ ലൈസൻസ്, കെസ്വിഫ്ട് രജിസ്ട്രേഷൻ, ലോൺ ആവശ്യങ്ങൾ, ഉദ്യം രജിസ്ട്രേഷൻ എന്നിവയും ചെയ്തുകൊടുക്കും. കൂടാതെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി സർക്കാർ നൽകുന്ന എംഎസ്എംഇ ഇൻഷുറൻസ് പദ്ധതിയുടെ അപേക്ഷകളും ഇവിടെ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സംരംഭകത്വ വികസന ഓഫീസർ മുഫീദ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8606514878