കൂലിപ്പണിക്കാരനായിരുന്ന കാലത്ത് ഞാൻ ആദ്യമായി കരഞ്ഞു; ജീവിതാനുഭവങ്ങൾ പങ്കുവെച്ച് രജനികാന്ത്
കൂലി ഓഡിയോ ലോഞ്ചിൽ പങ്കെടുത്തുകൊണ്ട് തന്റെ ജീവിതാനുഭവങ്ങൾ തുറന്നുപറഞ്ഞ് സൂപ്പർസ്റ്റാർ രജനികാന്ത്. ഒരു കൂലിപ്പണിക്കാരനിൽ നിന്ന് കണ്ടക്ടറായും പിന്നീട് നടനായും മാറിയ തന്റെ ജീവിതകഥ സിനിമയുടെ പേരുമായി ബന്ധപ്പെട്ട് അദ്ദേഹം ഓർത്തെടുത്തു. സ്വന്തം ജീവിതത്തോട് ഇത്രയധികം ചേർന്ന് നിൽക്കുന്ന ഒരു സിനിമയുടെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അച്ഛന്റെയും സഹോദരന്റെയും സ്വാധീനത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് രജനികാന്ത് തന്റെ ജീവിതം തുറന്നുപറഞ്ഞത്. സാമ്പത്തികമായി പിന്നോട്ട് നിൽക്കുമ്പോഴും തന്നെ പഠിപ്പിക്കണമെന്ന് സഹോദരന് നിർബന്ധമായിരുന്നു. “വിദ്യാഭ്യാസമാണ് പ്രധാനം, ഒരാൾക്ക് വിദ്യാഭ്യാസം ലഭിച്ചാൽ അത് ഒരു കുടുംബത്തിന് മുഴുവൻ വിദ്യാഭ്യാസം ലഭിക്കുന്നത് പോലെയാണ്” എന്ന് സഹോദരൻ എപ്പോഴും പറയാറുണ്ടായിരുന്നു. എന്നാൽ, അച്ഛന് ഇതിനോട് യോജിപ്പുണ്ടായിരുന്നില്ല. പരീക്ഷാ ഫീസിനുള്ള പണവുമായി മദ്രാസിലേക്ക് പോവുകയും അവിടെ നിന്ന് ഒഴിഞ്ഞ കൈയുമായി തിരിച്ച് വരികയും ചെയ്തപ്പോൾ കൂലിപ്പണിക്കാരനായി ജോലിക്ക് പോകാൻ അച്ഛൻ നിർദ്ദേശിച്ചു. “എന്റെ മൂത്ത മകൻ കോർപ്പറേഷനിലാണ് ജോലി ചെയ്യുന്നത്, രണ്ടാമത്തെ മകൻ മിലിട്ടറിയിലും, മൂന്നാമത്തെ മകൻ മദ്രാസിൽ നിന്ന് പണവുമായി പോയിട്ട് ഇപ്പോൾ കൂലിപ്പണി ചെയ്യുന്നു”, എന്ന് അഭിമാനത്തോടെയാണ് അച്ഛൻ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. 100 കിലോ ഭാരമുള്ള അരി ചാക്കുകൾ ചുമന്നുനടന്ന ആ ദിവസങ്ങളെക്കുറിച്ച് രജനികാന്ത് ഓർത്തെടുത്തു. കൂടെയുള്ള ആളുകളുടെ സഹായത്തെക്കുറിച്ചും, തന്നെ കളിയാക്കിയ സ്കൂൾ സുഹൃത്തിനെ കണ്ടതിനെക്കുറിച്ചും അദ്ദേഹം വികാരാധീനനായി സംസാരിച്ചു. “അന്ന് ആ ചാക്കുകളിൽ ചാരിയിരുന്ന് ഞാൻ ജീവിതത്തിലാദ്യമായി കരഞ്ഞു” എന്ന് അദ്ദേഹം ഓർത്തെടുത്തു.
തന്റെ ഇന്നത്തെ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ കാരണം ദൈവവചനമനുസരിച്ച് ജീവിക്കാൻ ശ്രമിക്കുന്നതുകൊണ്ടാണെന്ന് പറഞ്ഞുകൊണ്ടാണ് രജനികാന്ത് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. ഈ കടപ്പാടുകൾ ഒരിക്കലും വീട്ടാൻ കഴിയില്ലെന്നും, താൻ കാരണം മറ്റുള്ളവർക്കും സന്തോഷമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.