ഗാനരചയിതാവ് വൈരമുത്തുവിന് നേർക്ക് ചെരുപ്പേറ്; യുവതി പിടിയിൽ

പ്രശസ്ത തമിഴ് ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന് നേരെ ചെരുപ്പേറ്. തിരുപ്പൂരിൽ വെച്ചാണ് സംഭവം. ജയ എന്ന യുവതിയാണ് വൈരമുത്തുവിന് നേരെ ചെരുപ്പ് എറിഞ്ഞത്. യുവതിയെ പോലീസ് പിടികൂടി. കൊങ്കു കലാ സാഹിത്യ സാംസ്‌കാരിക ഫെഡറേഷൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു വൈരമുത്തു
തിരുപ്പൂർ കലക്ടറേറ്റിന് മുന്നിൽ വൈരമുത്തുവിന് സ്വീകരണം നൽകിയിരുന്നു. ഇതിനിടെയാണ് യുവതി ചെരുപ്പ് വലിച്ചെറിഞ്ഞത്. കലക്ടറേറ്റിൽ പരാതി നൽകാനെത്തിയതായിരുന്നു യുവതി. താൻ നേരത്തെ നൽകിയ പരാതികളിൽ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ഇവർ കലക്ടറേറ്റിന് മുന്നിലെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു
ഇതിനിടെയാണ് വൈരമുത്തുവും ഇദ്ദേഹത്തെ സ്വീകരിക്കാനായി ഒരു സംഘമാളുകളും ഇവിടേക്ക് എത്തിയത്. ഈ സമയം യുവതി ഇവർക്ക് നേരെ ചെരുപ്പ് വലിച്ചെറിയുകയായിരുന്നു. പിന്നാലെ സ്ഥളത്ത് നേരിയ സംഘർഷവുമുണ്ടായി. പോലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.



