'സർവം മായ' ഒടിടിയിൽ പ്രതീക്ഷച്ചതിലും നേരത്തെ എത്തും

നിവിൻ പോളി- അജു വർഗീസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പത്താമത്തെ ചിത്രമാണ് സർവം മായ. അഖിൽ സത‍്യൻ സംവിധാനം ചെയ്ത ചിത്രം ആരാധകർ ഒന്നടങ്കം ഏറ്റെടുത്തതോടെ ബോക്സ് ഓഫിസിലും റെക്കോഡ് കളക്ഷൻ നേടിയിരുന്നു. ഇപ്പോഴിതാ തിയെറ്ററിൽ ഹിറ്റായതിനു പുറമെ ഒടിടി റിലീസിനൊരുങ്ങുകയാണ് ചിത്രം. 141 കോടിയിലധികം രൂപയാണ് ചിത്രം ആഗോള ബോക്സ് ഓഫിസിൽ നിന്നും നേടിയത്.
ജനുവരി 30ന് ചിത്രം ഒടിടിയിലെത്തുമെന്നാണ് പുതിയ വിവരം. ജിയോ ഹോട്സ്റ്റാറാണ് ചിത്രത്തിന്‍റെ സ്ട്രീമിങ് ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ ഫെബ്രുവരി ആദ‍്യ വാരമോ രണ്ടാം വാരമോ ഒടിടിയിലെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ.
ഹൊറർ കോമഡി ഴോണറിൽ പുറത്തിറങ്ങിയ സർവം മായ നിവിൻ പോളിയുടെ കരിയറിലെ 100 കോടി കളക്ഷൻ നേടുന്ന ആദ‍്യ ചിത്രമാണ്. നിവിൻ പോളിക്കും അജു വർഗീസിനും പുറമെ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര‍്യർ, അൽത്താഫ് സലീം, പ്രീതി മുകുന്ദൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.



