‘അടുത്ത കുഴിവെട്ടാൻ സമയമായി’; ദൃശ്യം 3യുടെ പുതിയ പോസ്റ്റർ പുറത്ത്

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ദൃശ്യം 3യുടെ പുതിയ പോസ്റ്റർ പുറത്ത്. മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജുകുട്ടി എന്ന കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. മോഹൻലാൽ വാഴകൾക്കിയിൽ നിൽക്കുന്ന തരത്തിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3 ഏപ്രിൽ 2ന് തിയറ്ററുകളിൽ എത്തും.
അതേസമയം പോസ്റ്ററിന് താഴെ ആരാധകരുടെ കമന്റുകൾ നിറയുകയാണ്. അടുത്ത കുഴിവെട്ടാൻ സമയമായി, ജോർജ്കുട്ടി തിരിച്ചു വന്നു, വാഴയ്ക്ക് സത്യമറിയാം എന്നിങ്ങനെ നീളുന്നു കമന്റുകൾ. പോസ്റ്ററിൽ വാഴ ഉള്ളതുകൊണ്ടു തന്നെ ഇത് വാഴ 2ന് ഉള്ള വാണിംഗ് ആണെന്ന തരത്തിലുള്ള ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. ദൃശ്യം 3 യ്‌ക്കൊപ്പം വാഴ 2 വും ഏപ്രിൽ രണ്ടിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്
സിനിമയുടെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു മോഷൻ പോസ്റ്റർ മോഹൻലാൽ നേരത്തെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ‘വർഷങ്ങൾ കടന്നുപോയി. എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല’ എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ ഈ പോസ്റ്റർ പങ്കുവെച്ചിരുന്നത്.
‘ദൃശ്യം 3’ ന്‍റെ ലോകമെമ്പാടുമുള്ള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കിയിരുന്നു. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന, മോഹൻലാൽ നായകനായെത്തുന്ന ‘ദൃശ്യം 3’ ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.
മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരും ദൃശ്യത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സ്വാധീനമുള്ളതും ആഘോഷിക്കപ്പെടുന്നതുമായ സിനിമാറ്റിക് ഫ്രാഞ്ചൈസികളിൽ ഒന്നാണ് ‘ദൃശ്യം’. സമകാലിക സിനിമകളിൽ ഏറ്റവും ആകർഷകവും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നതുമായ ഫ്രാഞ്ചൈസികളിൽ ഒന്നായി ഇന്നും തുടരുന്നുണ്ട് ‘ദൃശ്യം’. റെക്കോർഡ് ഭേദിച്ച ബോക്സ് ഓഫീസ് നാഴികക്കല്ലുകൾ നേടിയതിനോടൊപ്പം അസാധാരണമായ പ്രേക്ഷക പിന്തുണയാണ് സിനിമയ്ക്ക് എല്ലാ ഭാഷകളിലും ലഭിച്ചിട്ടുള്ളത്.



