തന്റെ വാക്കുകള്‍ വേദനിപ്പിച്ചേക്കാമെന്നതിനാലാണ് മലയാളം സംസാരിക്കാത്തതെന്ന് സായ് പല്ലവി

കൊച്ചി: തന്റെ വാക്കുകള്‍ ആളുകളെ വേദനിപ്പിക്കുമോയെന്ന് ഭയമുള്ളതിനാലാണ് മലയാളം സംസാരിക്കാന്‍ മടിക്കുന്നതെന്ന് സുപ്രസിദ്ധ സിനിമാതാരം സായ് പല്ലവി. അമരന്‍ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയതായിരുന്നു അവര്‍. മലയാളം ശരിയായി സംസാരിച്ചില്ലെങ്കില്‍ അത് മറ്റുള്ളവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുമോയെന്ന ഭയമാണ് തന്നെ സംസാരിക്കുന്നതില്‍നിന്നും പിന്തിരിപ്പിക്കുന്നത്.
മലയാളത്തില്‍ എന്നെല്ല അധികം അറിയാത്ത ഏത് ഭാഷയില്‍ സംസാരിക്കുമ്പോഴും പേടിക്കേണ്ടതുണ്ട്. ആ പേടി എനിക്ക് അല്‍പം കൂടുതലാണ്. പെര്‍ഫക്ട് ആക്കേണ്ടതുണ്ടെന്ന് എപ്പോഴും തോന്നിയിരുന്നു. തെറ്റ് പറഞ്ഞാല്‍ മലയാളികള്‍ക്ക് വിഷമമാവുമോ എന്ന ഭയമായിരുന്നു. എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. നിങ്ങളുടെ എല്ലാവരുടേയും സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. ഞായറാഴ്ച ആയിട്ടും ആളുകള്‍ എന്നെ കാണാന്‍ വന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും തെന്നിന്ത്യയുടെ പ്രിയതാരം വ്യക്തമാക്കി.
നന്നായി തമിഴ് സംസാരിക്കുന്ന മലയാളി പെണ്‍കുട്ടിയുടെ വേഷമാണ് അമരന്‍ എന്ന ചിത്രത്തില്‍ ചെയ്തത്. ഈ കഥാപാത്രത്തെ കൃത്യമായി അവതരിപ്പിക്കാന്‍ 30 ദിവസമെടുത്തുവെന്നും അവര്‍ വെളിപ്പെടുത്തി. നിവിന്‍പോളി-അല്‍ഫോണ്‍സ്പുത്രന്‍ കൂട്ടുകെട്ടില്‍ എത്തി സൂപ്പര്‍ഹിറ്റ് ചിത്രമായി മാറിയ പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രമായിരുന്നു മലയാളക്കരയില്‍ സായ് പല്ലവിക്ക് ആരാധകരെ കൂട്ടിയത്. നിവിന്‍ പോളിയുടെ കഥാപാത്രം കോളേജില്‍ പഠിക്കുമ്പോഴത്തെ പ്രണയിനിയായി എത്തിയ കഥാപാത്രമായിരുന്നു ആ അധ്യാപികയുടേത്. പ്രേമം കണ്ടിറങ്ങിയവരാരും മലര്‍ മിസിനെ മറക്കില്ലെന്ന് തീര്‍ച്ച. സായ് പല്ലവിയുടെ പുതിയ ചിത്രത്തിനും മലയാളികളുടെ പിന്തുണ ലഭിക്കുമെന്നാണ് അമരന്‍ പടത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
The post തന്റെ വാക്കുകള്‍ വേദനിപ്പിച്ചേക്കാമെന്നതിനാലാണ് മലയാളം സംസാരിക്കാത്തതെന്ന് സായ് പല്ലവി appeared first on Metro Journal Online.