ആധികാരികം: രോഹിതിന് സെഞ്ച്വറി, കോഹ്ലിക്ക് അർധസെഞ്ച്വറി; ഇന്ത്യക്ക് 9 വിക്കറ്റ് ജയം

വിന്റേജ് കോഹ്ലിയും വിന്റേജ് രോഹിതും നിറഞ്ഞാടിയ മത്സരത്തിൽ ഇന്ത്യക്ക് 9 വിക്കറ്റിന്റെ കൂറ്റൻ ജയം. വൈറ്റ് വാഷ് ഭീഷണിയിൽ സിഡ്‌നിയിലെ മൂന്നാം ഏകദിനത്തിന് ഇറങ്ങിയ ഇന്ത്യക്കൊപ്പമായിരുന്നു കളിയിലെ ഓരോ നിമിഷവും. കോടിക്കണക്കിന് ആരാധകരുടെ പ്രതീക്ഷകൾക്ക് ചിറക് മുളപ്പിച്ച് രോഹിത് ശർമയും വിരാട് കോഹ്ലിയും ഗ്രൗണ്ടിൽ നിറഞ്ഞാടിയപ്പോൾ ഇന്ത്യയെ തേടിയെത്തിയത് വിജയത്തിനൊപ്പം ഒരുപാട് റെക്കോർഡുകൾ കൂടിയാണ്
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 46.4 ഓവറിൽ 236 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ കേവലം 38.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 69 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ വിജയത്തിലേക്ക് അനായാസം തുഴഞ്ഞെത്തിയത്. സെഞ്ച്വറിയുമായി രോഹിത് ശർമയും അർധ സെഞ്ച്വറിയുമായി വിരാട് കോഹ്ലിയും പുറത്താകാതെ നിന്നു
ഒന്നാം വിക്കറ്റിൽ രോഹിതും ഗില്ലും ചേർന്ന് തകർപ്പൻ തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഇരുവരും ചേർന്ന് 69 റൺസ് കൂട്ടിച്ചേർത്തു. 24 റൺസെടുത്ത ഗിൽ പുറത്തായെങ്കിലും പിന്നീടൊരിക്കൽ പോലും ഇന്ത്യൻ ബാറ്റ്‌സ്മാൻമാരെ വെല്ലുവിളിക്കാൻ ഓസീസ് ബൗളർമാർക്ക് സാധിച്ചില്ല. 125 പന്തിൽ 13 ഫോറും 3 സിക്‌സും സഹിതം രോഹിത് 121 റൺസുമായി പുറത്താകാതെ നിന്നു. ആദ്യ രണ്ട് ഏകദിനങ്ങളിലും പൂജ്യത്തിന് പുറത്തായ കോഹ്ലിയുടെ തകർപ്പൻ തിരിച്ചു വരവും മത്സരത്തിൽ കണ്ടു
നേരിട്ട ആദ്യ പന്തിൽ തന്നെ സിംഗിൾ എടുത്ത് തുടങ്ങിയ കോഹ്ലിയുടെ ബാറ്റിൽ നിന്ന് തന്നെയാണ് വിജയ റൺസും പിറന്നത്. 81 പന്തിൽ 7 ഫോറുകൾ സഹിതം 74 റൺസുമായി കോഹ്ലി പുറത്താകാതെ നിന്നു. ഇതിനിടെ ഏകദിനത്തിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ രണ്ടാമനാകാനും കോഹ്ലിക്ക് സാധിച്ചു. മുന്നിൽ ഇനി സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ മാത്രമാണുള്ളത്. ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവുമധികം റൺസ് നേടിയ രണ്ടാമത്തെ ജോഡിയായി കോഹ്ലിയും രോഹിതും മാറി. സച്ചിൻ-ഗാംഗുലി സഖ്യമാണ് ഒന്നാമതുള്ളത്
56 റൺസെടുത്ത മാറ്റ് റെൻഷോയായിരുന്നു ഓസീസിന്റെ ടോപ് സ്‌കോറർ. മാത്യു ഷോർട്ട് 30 റൺസും മിച്ചൽ മാർഷ് 41 റൺസുമെടുത്തു. അലക്‌സ് ക്യാരി 24, കൂപ്പർ കോൺ 23, ട്രാവിസ് ഹെഡ് 29, നഥാൻ ഏലിയാസ് 16 എന്നിങ്ങനെയാണ് മറ്റ് സ്‌കോറുകൾ. ഇന്ത്യക്കായി ഹർഷിത് റാണ നാല് വിക്കറ്റെടുത്തു. വാഷിംഗ്ടൺ സുന്ദർ രണ്ടും സിറാജ്, പ്രസിദ്ധ്, കുൽദീപ്, അക്‌സർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി



