National

അമിത് ഷാ കൊലപാതകിയെന്ന പരാമര്‍ശം; മാനനഷ്‌ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം: നടപടി സ്റ്റേ ചെയ്‌ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സമർപ്പിച്ച ക്രിമിനൽ മാനനഷ്‌ടക്കേസിൽ വിചാരണ കോടതി നടപടികൾ സുപ്രീം കോടതി തിങ്കളാഴ്‌ച സ്റ്റേ ചെയ്‌തു. അമിത് ഷാ ഒരു കൊലക്കേസ് പ്രതിയെന്ന രാഹുലിന്‍റെ പരാമര്‍ശത്തിനെതിരെ എടുത്ത മാനനഷ്‌ടക്കേസിലെ വിചാരണ നടപടികളാണ് സുപ്രീം കോടതി സ്റ്റേ ചെയ്‌തത്.

ബിജെപി പ്രവർത്തകൻ നവീൻ ഝായാണ് രാഹുലിനെതിരെ മാനനഷ്‌ടക്കേസ് നല്‍കിയത്. ഈ കേസില്‍ വാദം കേള്‍ക്കാൻ തയ്യാറാകാത്ത ജാർഖണ്ഡ് ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് രാഹുൽ ഗാന്ധി നൽകിയ പ്രത്യേക ഹർജിയിലാണ് സുപ്രീം കോടതി ഇപ്പോള്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഇരയായ വ്യക്തിക്ക് മാത്രമേ ക്രിമിനൽ മാനനഷ്‌ട പരാതി നൽകാനാകൂ എന്ന് രാഹുലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിങ്‌വി കോടതിയില്‍ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട് മറ്റൊരാള്‍ക്ക് പരാതി നല്‍കാൻ കഴിയില്ലെന്ന വാദം കണക്കിലെടുത്താണ് വിചാരണ കോടതിയുടെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്‌തത്.

18.03.2018ലെ എഐസിസി പ്ലീനറി സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രസംഗിച്ചത്. അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനായ അമിത് ഷാ കൊലക്കേസ് പ്രതിയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നവീൻ ഝാ രാഹുലിനെതിരെ മാനനഷ്‌ടക്കേസ് നല്‍കിയത്.

See also  ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് സംഘ്പരിവാർ സംഘടനകൾ; അല്ലെങ്കിൽ കർസേവ നടത്തും

Related Articles

Back to top button