National

ഉത്തരാഖണ്ഡ് ഹിമപാതം: മരണം ഏഴായി: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

കാണാതായ മൂന്ന് തൊഴിലാളികളുടെ കൂടി മൃതദേഹം ഇന്ന് കണ്ടെടുത്തതോടെ ഉത്തരാഖണ്ഡ് ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. തെര്‍മല്‍ ഇമേജിങ് ക്യാമറയും ഹെലികോപ്‌ടറുകളും നായകളും അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ചാണ് തെരച്ചില്‍.

വെള്ളിയാഴ്‌ചയാണ് മനയ്ക്കും ബദരീനാഥിനുമിടയിലുള്ള ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പിന് സമീപമുണ്ടായ കനത്ത ഹിമപാതത്തില്‍ 54 തൊഴിലാളികള്‍ കുടുങ്ങിയത്. ആദ്യഘട്ടത്തില്‍ 55 പേരെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇവരില്‍ ഒരാള്‍ അനധികൃതമായി അവധിയിലായിരുന്നു. ഇയാള്‍ സുരക്ഷിതമായി സ്വന്തം വീട്ടിലുണ്ടെന്ന വിവരം കിട്ടിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

രക്ഷപ്പെടുത്തിയവരില്‍ 45 പേര്‍ ജ്യോതിര്‍മഠിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. നട്ടെല്ലിന് ക്ഷതമേറ്റ ഒരാളെ ഋഷികേശിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.

മരിച്ചവരുടെ വിശദാംശങ്ങള്‍

ശനിയാഴ്‌ച നാല് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ജിതേന്ദ്രസിങ്, മഹീന്ദര്‍ പാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള മന്‍ജിത് യാദവ്, ഉത്തരാഖണ്ഡില്‍ നിന്നുള്ള അലോക് യാദവ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്.

ഉത്തരാഖണ്ഡിലെ ഉധംസിങ് നഗറിലുള്ള രുദ്രാപ്പൂര്‍ നിവാസി ഈശ്വരി ദത്തിന്‍റെ മകന്‍ അനില്‍കുമാര്‍, ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ നിവാസി രാംപാലിന്‍റെ മകന്‍ അശോക്, ഹിമാചല്‍പ്രദേശിലെ ഉന സ്വദേശി ഗ്യാന്‍ചന്ദ്രയുടെ മകന്‍ ഹര്‍മേഷ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്.

രക്ഷാപ്രവർത്തനം മുഖ്യമന്ത്രി അവലോകനം ചെയ്‌തു

ഉത്തരാഖണ്ഡ് സംസ്ഥാന അടിയന്തര പ്രവര്‍ത്തന കേന്ദ്രം സന്ദർശിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി രക്ഷാപ്രവർത്തനങ്ങള്‍ വിലയിരുത്തി.

“ഹിമപാതമുണ്ടായ സ്ഥലത്തേക്ക് ഗ്രൗണ്ട് പെനട്രേറ്റിങ്‌ റഡാർ (ജിപിആർ) സംവിധാനം അയച്ചിട്ടുണ്ട്, കൂടാതെ കാണാതായ തൊഴിലാളിയെ കണ്ടെത്താൻ തെർമൽ ഇമേജിങ്‌ ക്യാമറ, മറ്റ് ക്യാമറകള്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. തിങ്കളാഴ്ച വീണ്ടും കാലാവസ്ഥ മോശമായേക്കാം. ഞായറാഴ്ച തന്നെ കാണാതായവരെ കണ്ടെത്താനാണ് ശ്രമം” മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു,

രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ ധാമി പറഞ്ഞു. “ഇന്ത്യൻ സൈന്യം, ഐടിബിപി, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, മറ്റ് ദുരിതാശ്വാസ, രക്ഷാ സംഘങ്ങൾ സംഭവസ്ഥലത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു” അദ്ദേഹം പറഞ്ഞു.

തെളിഞ്ഞ കാലാവസ്ഥ ആയതിനാൽ തെരച്ചിൽ വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചമോലി ജില്ലാ മജിസ്‌ട്രേറ്റ് സന്ദീപ് തിവാരി പറഞ്ഞു. ഡൽഹിയിൽ നിന്നുള്ള ജിപിആർ സംവിധാനം എപ്പോൾ വേണമെങ്കിലും ഇവിടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഹിമപാതമുണ്ടായ സ്ഥലത്തേക്ക് ജിപിആർ സംവിധാനം പറത്താൻ ഒരു എംഐ-17 ഹെലികോപ്റ്റർ ഡെറാഡൂണിൽ എത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), ദേശീയ ദുരന്ത നിവാരണ സേന (NDRF) എന്നിവരുടെ സംഘങ്ങൾ ഹിമപാതത്തിൽ കുടുങ്ങിയ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

See also  പാക് പോസ്റ്റുകളില്‍ നിന്ന് സൈനികര്‍ പിന്‍മാറി; കൊടികളും മാറ്റിയതായി റിപ്പോര്‍ട്ട്

സെൻട്രൽ കമാൻഡിലെ ജിഒസി-ഇൻ സി ലെഫ്റ്റനന്‍റ് ജനറൽ അനിന്ദ്യ സെൻഗുപ്‌ത, ഉത്തർ ഭാരത് ജിഒസി ലെഫ്റ്റനന്റ് ജനറൽ ഡി ജി മിശ്ര എന്നിവർ രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഹിമപാത സ്ഥലത്ത് ഉണ്ട്. ഇന്ത്യൻ കരസേയുടെ മൂന്ന്, ഇന്ത്യൻ വ്യോമസേനയുടെ (IAF) രണ്ട്, സൈന്യം വാടകയ്‌ക്കെടുത്ത ഒരു സിവിൽ ഹെലികോപ്റ്റർ എന്നിവയുൾപ്പെടെ ആറ് ഹെലികോപ്റ്ററുകൾ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

ബദരീനാഥിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മന, ഇന്ത്യ-ടിബറ്റ് അതിർത്തിയിലെ 3,200 മീറ്റർ ഉയരത്തിലുള്ള അവസാന ഗ്രാമമാണ്. ശനിയാഴ്‌ചത്തെ രക്ഷാപ്രവർത്തനം പ്രധാനമായും സൈന്യവും വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് നടത്തിയതെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. കാരണം സമീപ റോഡ് പലയിടത്തും മഞ്ഞുമൂടിയതിനാൽ വാഹന ഗതാഗതം ഏതാണ്ട് അസാധ്യമായിരുന്നു.

രക്ഷപ്പെടുത്തിയ തൊഴിലാളികളെ ജ്യോതിർമഠിലെ സൈനിക ആശുപത്രിയിലെത്തിച്ച് കാണാതായ നാല് തൊഴിലാളികളെ കണ്ടെത്തുക എന്നതാണ് മുൻഗണനയെന്ന് അവർ പറഞ്ഞു. കാലാവസ്ഥ അനുവദിച്ചാൽ, കാണാതായ തൊഴിലാളികളെ കണ്ടെത്താൻ പ്രത്യേക റെക്കോ റഡാറുകൾ, ആളില്ലാ ആകാശ വാഹനങ്ങൾ (യുഎവി), ക്വാഡ്‌കോപ്റ്ററുകൾ, ഹിമപാത രക്ഷാ നായ്ക്കൾ എന്നിവയെ വിന്യസിക്കുമെന്ന് ലെഫ്റ്റനന്‍റ് ജനറൽ സെൻഗുപ്‌ത പറഞ്ഞു.

“എല്ലാം കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തനിവാരണ അതോറിറ്റി, ഐടിബിപി, ബിആർഒ, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, ഐഎഎഫ്, ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, അഗ്നിശമന സേന എന്നിവിടങ്ങളിൽ നിന്നുള്ള 200ലധികം ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു

The post ഉത്തരാഖണ്ഡ് ഹിമപാതം: മരണം ഏഴായി: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു appeared first on Metro Journal Online.

Related Articles

Back to top button