ആധാർ കാർഡും വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചേക്കും; നിർണായക നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ അട്ടിമറി നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെ നിർണായക നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടർ ഐഡി കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നീക്കം.
ഇത് സംബന്ധിച്ച ചർച്ചകൾക്കായി മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, യുണിക് ഐഡിന്‍റിഫിക്കേഷൻ അതോറിറ്റി സിഇഒ, ലെജിസ്ലേറ്റീവ് സെക്രട്ടറി എന്നിവരുടെ യോഗമാണ് വിളിച്ചിരുന്നത്. മാർച്ച് 18 നാണ് യോഗം.
പല സംസ്ഥാനങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ ക്രമക്കേടുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയിലേക്ക് തെരഞ്ഞെടുപ്പു കമ്മിഷൻ കടക്കുന്നത്.
2021 ൽ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടുവന്നിരുന്നു. ഈ വ്യവസ്ഥയനുസരിച്ച് 66 കോടിയോളം പേരുടെ ആധാർ നമ്പർ ശേഖരിച്ചിട്ടുണ്ടെങ്കിലും വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും സർക്കാർ അറിയിച്ചു. ആധാറും വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചാൽ ക്രമക്കേടിനുള്ള സാധ്യത കുറയുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിഗമനം.
The post ആധാർ കാർഡും വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചേക്കും; നിർണായക നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ appeared first on Metro Journal Online.