National

2023ൽ കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി 18 മാസത്തിന് ശേഷം തിരിച്ചെത്തി; കേസിൽ അറസ്റ്റിലായ നാല് പേർ ഇപ്പോഴും ജയിലിൽ

2023ൽ കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി 18 മാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തി. മൃതദേഹം അടക്കം കണ്ടെത്തി സംസ്‌കാര ചടങ്ങുകളും നടത്തി 18 മാസം കഴിഞ്ഞപ്പോഴാണ് യുവതി തിരികെ വീട്ടിലെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ മന്ത്‌സൗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

യുവതിയെ കൊലപ്പെടുത്തിയെന്ന കേസിൽ നാല് യുവാക്കളെ അറസ്റ്റ് ചെയ്ത് ഇവർ ഇപ്പോൾ ജയിലിൽ കഴിയുകയുമാണ്. ഇതിനിടെയാണ് കൊല്ലപ്പെട്ടെന്ന് കരുതിയ 35കാരി തിരിച്ചെത്തിയത്. നിലവിൽ കുടുങ്ങിയത് പോലീസാണ്. ജയിലിലുള്ള നാല് പേരുടെ കാര്യത്തിൽ എന്ത് സമാധാനം പറയുമെന്ന ആശങ്കയിലാണ് പോലീസ്

ലളിത ബായി എന്ന യുവതിയാണ് 18 മാസത്തിന് ശേഷം വീട്ടിൽ തിരികെ എത്തിയത്. തന്നെ ഷാരുഖ് എന്നൊരാൾ ഭാൻപുരയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ഇവിടെ നിന്ന് 5 ലക്ഷം രൂപക്ക് മറ്റൊരാൾക്ക് വിൽക്കുകയുമായിരുന്നുവെന്ന് യുവതി പറയുന്നു. ഇയാൾ യുവതിയെ രാജസ്ഥാനിലെ കോട്ടയിലേക്ക് കൊണ്ടുപോയി. ഇവിടെയാണ് 18 മാസം യുവതി ജീവിച്ചിരുന്നത്

ഒടുവിൽ രക്ഷപ്പെടാൻ അവസരം ലഭിച്ചപ്പോൾ നാട്ടിലെത്തുകയായിരുന്നുവെന്ന് ലളിത പറഞ്ഞു. യുവതിയെ കാണാതായി 2023 സെപ്റ്റംബറിൽ ഒരു യുവതിയെ വാഹനമിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇത് ലളിത ബായി എന്നായിരുന്നു സംശയം. തലയും മുഖവും അപകടത്തിൽ തകർന്നിരുന്നു. കയ്യിലെ ടാറ്റു കണ്ടാണ് ഇത് ലളിത ബായി ആണെന്ന് വീട്ടുകാർ തെറ്റിദ്ധരിച്ചത്

തുടർന്ന് ഈ മൃതദേഹം സംസ്‌കരിക്കുകയും ചടങ്ങുകൾ നടത്തുകയും ചെയ്തു. പിന്നാലെ അന്വേഷണം നടത്തിയ പോലീസ് വാഹനാപകടത്തിന് കാരണക്കാരെന്ന് ആരോപിച്ച് ഇമ്രാൻ, ഷാരൂഖ്, സോനു, ഇജാസ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരിപ്പോഴും വിചാരണയും കാത്തു ജയിലിൽ കഴിയുകയാണ്. യുവതി തിരിച്ചെത്തിയതോടെ തങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

The post 2023ൽ കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി 18 മാസത്തിന് ശേഷം തിരിച്ചെത്തി; കേസിൽ അറസ്റ്റിലായ നാല് പേർ ഇപ്പോഴും ജയിലിൽ appeared first on Metro Journal Online.

See also  ജമ്മു കാശ്മീരീലെ ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി; സൈന്യം പരിശോധന തുടരുന്നു

Related Articles

Back to top button