National

ജഡ‍്‌ജിയുടെ വസതിയിൽ നോട്ടുകെട്ടുകൾ കത്തിയ നിലയിൽ‌; ആരോപണ വിധേയനെ മാറ്റി നിർത്തി സുപ്രീം കോടതിയുടെ അന്വേഷണം

ന്യൂഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽനിന്ന് പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടും അനുബന്ധ രേഖകളും സുപ്രീം കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആരോപണത്തിൽ കാര്യമുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ജഡ്ജിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയ കത്തിക്കരിഞ്ഞ നോട്ടുകളുടെ ചിത്രവും റിപ്പോർട്ടിലുണ്ട്. ജസ്റ്റിസ് വർമയെ ജുഡീഷ്യൽ ജോലികളിൽനിന്ന് മാറ്റിനിർത്താൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിർദേശിച്ചു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി. കെ. ഉപാധ്യായയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടികൾ.

സ്റ്റോർ റൂമിൽനിന്ന് കണ്ടെത്തിയ നോട്ടുകെട്ടുകൾ കത്തിയ നിലയിലാണ്. പണം സംബന്ധിച്ച ആരോപണങ്ങൾ നിഷേധിക്കുന്ന ജസ്റ്റിസ് വർമയുടെ മറുപടിയും റിപ്പോർട്ടിലുണ്ട്. 15 കോടിയോളം രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയോടു ചേർന്നുള്ള സ്റ്റോർ റൂമിൽനിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയത് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി. എസ്. സന്ധാവാലിയ, മലയാളിയും കർണാടക ഹൈക്കോടതി ജഡ്ജിയുമായ അനു ശിവരാമൻ എന്നിവരുടെ സമിതി അന്വേഷിക്കും.

അതേസമയം, ജഡ്ജിയുടെ വീട്ടിൽനിന്ന് പണം കണ്ടെത്തിയില്ലെന്നു കഴിഞ്ഞ ദിവസം പറഞ്ഞ ഡൽഹി അഗ്നിശമനസേനാ മേധാവി അതുൽ ഗാർഗ് തന്റെ നിലപാട് മാറ്റി. ഡൽഹി ഹൈക്കോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്ജിയായ വർമയുടെ വസതിയിൽനിന്ന് പണം കണ്ടെത്തിയെന്ന വാർത്ത വെള്ളിയാഴ്ചയാണ് പുറത്തുവന്നത്.

The post ജഡ‍്‌ജിയുടെ വസതിയിൽ നോട്ടുകെട്ടുകൾ കത്തിയ നിലയിൽ‌; ആരോപണ വിധേയനെ മാറ്റി നിർത്തി സുപ്രീം കോടതിയുടെ അന്വേഷണം appeared first on Metro Journal Online.

See also  സാധ്യമല്ലെന്ന് തോന്നാം; പക്ഷേ ബിജെപിയെ പരാജയപ്പെടുത്താൻ ബുദ്ധിമുട്ടില്ലെന്ന് രാഹുൽ ഗാന്ധി

Related Articles

Back to top button