തമിഴ്നാട്ടിലെ നേതാക്കള്‍ കത്ത് അയക്കാറുണ്ട്; ആരും തമിഴില്‍ ഒപ്പിടുന്നില്ല: പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ഭാഷാപ്പോരില്‍ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടിലെ നേതാക്കള്‍ തനിക്ക് കത്ത് അയക്കാറുണ്ട്. പക്ഷെ ആരും തമിഴില്‍ ഒപ്പിടുന്നില്ല. തമിഴ് ഭാഷയെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ തമിഴില്‍ ഒപ്പിടണമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. രാമേശ്വരത്ത് വച്ചാണ് പ്രധാനമന്ത്രിയുടെ പ്രതികരണം
രാമനവമി ദിവസം രാമേശ്വരത്തെ രാമനാഥസ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു രാമനാഥപുരത്തെ പാമ്പന്‍ ദ്വീപിനെയും തീര്‍ഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചത്. രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ തീവണ്ടി സര്‍വീസും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉദ്ഘാടന ചടങ്ങില്‍ എത്തിയില്ല.
തീവണ്ടി കടന്നുപോയതിനുശേഷം പ്രധാനമന്ത്രി പാലത്തിന്റെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ ഉയര്‍ത്തി. രാമേശ്വരത്തേക്കുള്ള പുതിയ പാമ്പന്‍ പാലം സാങ്കേതികവിദ്യയെയും പാരമ്പര്യത്തെയും ഒന്നിപ്പിക്കുന്നുവെന്ന് പിഎംഓ ഓഫീസ് എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനീയറിങ് വിഭാഗമായ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവില്‍ പുതിയ പാലം പണിതത്. സമുദ്രനിരപ്പില്‍നിന്ന് ആറുമീറ്റര്‍ ഉയരമുള്ള പുതിയ പാലത്തിന് 2.08 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്.
The post തമിഴ്നാട്ടിലെ നേതാക്കള്‍ കത്ത് അയക്കാറുണ്ട്; ആരും തമിഴില്‍ ഒപ്പിടുന്നില്ല: പ്രധാനമന്ത്രി മോദി appeared first on Metro Journal Online.