വിദ്യാർഥികളെ ‘ജയ് ശ്രീറാം’ വിളിപ്പിച്ച് തമിഴ്നാട് ഗവർണർ ആർഎൻ രവി; പ്രതിഷേധം ശക്തം

ചെന്നൈ: വീണ്ടും വിവാദത്തിന് തിരികൊളുത്തി തമിഴ്നാട് ഗവർണർ ആർഎൻ രവി. മധുരയിലെ ത്യാഗരാജൻ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടെ വിദ്യാർഥികളോട് ജയ് ശ്രീറാം വിളിക്കാൻ ഗവർണർ ആവശ്യപ്പെട്ടു.
പ്രസംഗം അവസാനിച്ചപ്പോൾ ഗവർണർ ജയ് ശ്രീറാം എന്ന് വിളിക്കുകയും വിദ്യാർഥികളോട് ഏറ്റുവിളിക്കാൻ പറയുകയുമായിരുന്നു. ഗവർണറുടെ പ്രവൃത്തിക്കെതിരെ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളും നേതാക്കളും രംഗത്തെത്തി.
ഗവർണറുടെ പ്രവൃത്തി രാജ്യത്തിന്റെ മതേതര മൂല്യങ്ങൾക്ക് എതിരാണെന്ന് ഡിഎംകെ വക്താവ് ധരണീധരൻ പറഞ്ഞു. ‘ഗവർണർ എന്തിനാണ് വീണ്ടും വീണ്ടും ഭരണഘടന ലംഘിക്കാൻ ശ്രമിക്കുന്നത്, എന്തുകൊണ്ടാണ് അദ്ദേഹം ഇതുവരെ രാജിവയ്ക്കാത്തത്? ഗവർണർ എങ്ങനെയാണ് രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾ ലംഘിച്ചതെന്നും അതിന് സുപ്രീംകോടതി നൽകിയ മറുപടിയും നമുക്കറിയാം’ എന്ന് ധരണീധരൻ പറഞ്ഞു.
മതപരമായ ഒരു പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്ന ഒരു മതനേതാവിനെപ്പോലെയാണ് ഗവർണർ സംസാരിക്കുന്നതെന്ന് കോൺഗ്രസ് എംഎൽഎ ആസാൻ മൗലാന വിമർശിച്ചു. ഗവർണർ ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രചാരണ ഗുരുവായി മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രസംഗത്തിനിടെ സംസ്ഥാന സർക്കാരിനെയും ഗവർണർ വിമർശിച്ചു. ഡിഎംകെ നേതാക്കളും മന്ത്രിമാരും ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്നതും സനാതന ധർമത്തെ അവഹേളിക്കുന്നതും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നതും പതിവാക്കിയിരിക്കുകയാണെന്ന് ഗവർണർ പറഞ്ഞു.
The post വിദ്യാർഥികളെ ‘ജയ് ശ്രീറാം’ വിളിപ്പിച്ച് തമിഴ്നാട് ഗവർണർ ആർഎൻ രവി; പ്രതിഷേധം ശക്തം appeared first on Metro Journal Online.