National

മുസ്‌ലിം യുവാക്കൾക്ക് ഒരു പ്രയോജനവുമില്ല; പാവങ്ങളുടെ ഭൂമി വഖഫിന്റെ പേരിൽ കൊള്ളയടിക്കപ്പെട്ടു: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: വഖഫിന് കീഴിലുള്ള സ്വത്തുക്കളുടെ പ്രയോജനം ലഭിച്ചിരുന്നെങ്കില്‍ മുസ്‌ലിം സമുദായത്തിലെ യുവാക്കള്‍ക്ക് സൈക്കിള്‍ ട്യൂബിന്റെ പഞ്ചര്‍ ഒട്ടിച്ച് ജീവിക്കേണ്ടിവരില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുസ്‌ലിം സമുദായത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാണ് വഖഫ് നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നതെന്നും മോദി പറഞ്ഞു. ഹരിയാനയിലെ ഹിസാര്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു മോദി.

രാജ്യത്തെ പാവപ്പെട്ടവരുടെ ഭൂമി വഖഫിന്റെ പേരില്‍ കൊള്ളയടിക്കപ്പെട്ടെന്നും മോദി പറഞ്ഞു.’ആദിവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കും അവകാശപ്പെട്ട ഭൂമി സംരക്ഷിക്കും. വഖഫിന്റെ പേരിലുള്ള ഭൂമി കൃത്യമായി വിനിയോഗിച്ചിരുന്നെങ്കില്‍ നമ്മുടെ രാജ്യത്തെ പാവപ്പെട്ട ഒരുപാട് പേര്‍ക്ക് ഗുണം ആയേനേ. മുസ്‌ലിം യുവാക്കളുടെ, സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് വഖഫ് നിയമഭേദഗതി. വഖഫിന്റെ പേരില്‍ ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമിയാണ് രാജ്യത്തുള്ളത്. രാജ്യത്ത് പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ ഭൂമി’, മോദി കൂട്ടിച്ചേര്‍ത്തു.

വഖഫ് നിയമത്തില്‍ കോണ്‍ഗ്രസിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. വഖഫ് നിയമം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ ഒരുകാലത്തും കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു. ‘മുസ്‌ലിം സമുദായത്തോട് താല്‍പര്യമുണ്ടെങ്കില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്ത് ഒരു മുസ്‌ലിം വരാത്തത്?. നിയമസഭകളിലേക്ക് എന്തുകൊണ്ട് 50 ശതമാനം സീറ്റ് മുസ്‌ലിം സമുദായത്തിന് കോണ്‍ഗ്രസ് നല്‍കുന്നില്ല. വഖഫ് നിയമം കോണ്‍ഗ്രസ് മാറ്റിയത് വോട്ടിന് വേണ്ടി മാത്രമാണ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണം കോണ്‍ഗ്രസ് സ്വന്തം വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി മാറ്റിമറിച്ചു’, മോദി പറഞ്ഞു. കോണ്‍ഗ്രസ് വലിയ അവകാശങ്ങളെ കുറിച്ച് സംസാരിക്കും, എന്നാല്‍ ഡോ. ബി ആര്‍ അംബേദ്കറിനും ചൗധരി ചരണ്‍സിംഗിനും ഭാരത് രത്‌ന നല്‍കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മോദി കുറ്റപ്പെടുത്തി. ബിജെപി പിന്തുണയോടെ രാജ്യം ഭരിച്ച സര്‍ക്കാരാണ് അംബേദ്കര്‍ക്ക് ഭാരത് രത്‌ന നല്‍കിയതെന്നും മോദി പറഞ്ഞു.

The post മുസ്‌ലിം യുവാക്കൾക്ക് ഒരു പ്രയോജനവുമില്ല; പാവങ്ങളുടെ ഭൂമി വഖഫിന്റെ പേരിൽ കൊള്ളയടിക്കപ്പെട്ടു: പ്രധാനമന്ത്രി നരേന്ദ്രമോദി appeared first on Metro Journal Online.

See also  കൊവിഡ് ബൈ പറഞ്ഞു; ക്ഷയം തിരിച്ചെത്തി: 25 മുതല്‍ 28 ശതമാനം രോഗികളും ഇന്ത്യയില്‍

Related Articles

Back to top button