നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയയ്ക്കും രാഹുലിനുമെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ഡല്‍ഹി റോസ്അവന്യൂ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പുറമെ കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ, സുമന്‍ ദുബെ എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്. ഈ മാസം 25 ന് കേസ് കോടതി പരിഗണിക്കും.
നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോണിയയെ ഒന്നാം പ്രതിയാക്കിയും രാഹുല്‍ ഗാന്ധിയെ രണ്ടാം പ്രതിയാക്കിയുമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ജവഹര്‍ലാല്‍ നെഹ്‌റു 1937 ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎല്‍ യങ് ഇന്ത്യന്‍ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 2014 ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ നിന്നാണ് 2021 ല്‍ ഇ ഡി അന്വേഷണം ആരംഭിച്ചത്.
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് യങ് ഇന്ത്യന്‍ വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ വഞ്ചനാപരമായി ഏറ്റെടുത്തതായാണ് പരാതിയിലെ ആരോപണം.
The post നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയയ്ക്കും രാഹുലിനുമെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു appeared first on Metro Journal Online.