റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ സ്വദേശി ജയിൻ തിരിച്ചെത്തി; നന്ദി പറഞ്ഞ് കുടുംബം

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ സ്വദേശി ജയിൻ ഡൽഹിയിലെത്തി. ഇന്ന് തന്നെ വീട്ടിലേക്ക് എത്തുമെന്ന് ബന്ധുക്കളെ അറിയിച്ചു. മൂന്ന് മാസം മുമ്പ് യുദ്ധമുഖത്ത് പരുക്കേറ്റ ജയിൻ ചികിത്സയിലായിരുന്നു. കോൺട്രാക്ട് കാലാവധി കഴിഞ്ഞിട്ടും ജയിനെ വീണ്ടും യുദ്ധരംഗത്തേക്ക് അയക്കാൻ നീക്കം നടന്നിരുന്നു. ഇത് വാർത്തയായതിന് പിന്നാലെയാണ് ജയിന്റെ മോചനം സാധ്യമായത്
മോചനം സാധ്യമാക്കിയ എല്ലാവർക്കും ജയിന്റെ അമ്മ ജെസി നന്ദി അറിയിച്ചു. പുലർച്ചെ അഞ്ചരയോടെ ഡൽഹിയിൽ എത്തിയതായി മകൻ വിളിച്ചു. 11.30ഓടെ നെടുമ്പാശ്ശേരിയിൽ എത്തും. ജയിൻ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെങ്കിലും ഒപ്പം പോയ ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്നും ജെസി പറഞ്ഞു
തൊഴിൽ തട്ടിപ്പിന് ഇരയായി ബിനിലും ജയിനും ഒന്നിച്ചാണ് റഷ്യയിലേക്ക് കഴിഞ്ഞ ഏപ്രിലിൽ പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞായിരുന്നു ഇവരെ റഷ്യയിലെത്തിച്ചത്. എന്നാൽ ഇവിടെയുള്ള മലയാളി ഏജന്റ് ഇവരെ കബളിപ്പിച്ച് കൂലിപ്പട്ടാളത്തിൽ പെടുത്തുകയായിരുന്നു. ജനുവരിയിലുണ്ടായ ആക്രമണത്തിൽ ബിനിൽ കൊല്ലപ്പെട്ടു. ജയിന് പരുക്കേൽക്കുകയും ചെയ്തിരുന്നു.