സിപ് ലൈന്‍ ഓപ്പറേറ്ററുടെ പ്രവൃത്തിയില്‍ അസ്വാഭാവികത ഇല്ലെന്ന് വിലയിരുത്തല്‍; പ്രാര്‍ത്ഥന പതിവ് രീതിയെന്ന് മൊഴി

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ കസ്റ്റഡിയിലെടുത്ത സിപ് ലൈന്‍ ഓപ്പറേറ്ററുടെ പ്രവൃത്തിയില്‍ അസ്വാഭാവികത ഇല്ലെന്ന് വിലയിരുത്തല്‍. പ്രാര്‍ത്ഥന ചൊല്ലിയത് പതിവ് രീതിയാണെന്ന് മുസമ്മില്‍ എന്‍ഐഎക്ക് മൊഴി നല്‍കി.
സിപ് ലൈനില്‍ കയറുന്ന സഞ്ചാരികളെ പ്രാര്‍ത്ഥന ചൊല്ലിയാണ് വിടാറുള്ളത്. വെടിയൊച്ചയും പ്രാര്‍ത്ഥനയും തമ്മില്‍ ബന്ധമില്ലെന്നും മുസമ്മില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയെന്നാണ് വിവരം. വെടിവെയ്പ് തുടര്‍ന്നപ്പോള്‍ പ്രദേശത്ത് നിന്ന് മറ്റുള്ളവരെ പോലെ താനും ഓടിപ്പോയെന്നും മുസമ്മില്‍ മൊഴി നല്‍കി.
ഭീകരര്‍ മറുഭാഗത്ത് വെടിവെപ്പ് നടത്തുന്നതിനിടെ ഒരു വിനോദ സഞ്ചാരി സിപ് ലൈനിലൂടെ പോവുന്ന ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മുസമ്മിലിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.
അതേ സമയം തങ്ങള്‍ മുസ്‌ലിങ്ങള്‍ കൊടുങ്കാറ്റ് വന്നാല്‍ പോലും ചൊല്ലുന്നതാണ് ‘അല്ലാഹു അക്ബര്‍’ എന്നാണ് മുസമ്മിലിന്റെ പിതാവ് പിടിഐയോട് പ്രതികരിച്ചത്. പ്രചരിച്ച വീഡിയോ താന്‍ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.