ഷിരൂരിൽ അർജുനായുള്ള തെരച്ചിൽ വ്യാഴാഴ്ച പുനരാരംഭിക്കും; ഡ്രഡ്ജർ ബുധനാഴ്ച എത്തിക്കും

മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ അടുത്ത വ്യാഴാഴ്ച്ച തെരച്ചിൽ പുനരാരംഭിക്കും. ഗോവ പോർട്ടിൽ നിന്ന് ഡ്രഡ്ജർ ബുധനാഴ്ച്ച ഗംഗാവലി പുഴയിലെത്തിക്കും. കാലാവസ്ഥ അനുകൂലമായതോടെ ആണ് ജില്ലാ ഭരണകൂടം ഡ്രഡ്ജിങ് കമ്പനിക്ക് നിർദേശം നൽകിയത്.
ഡ്രഡ്ജർ എത്തിക്കുന്നതിന് മൂന്നോടിയായുള്ള പരിശോധനകൾ നേരത്തെ തന്നെ പൂർത്തീകരിച്ചിരുന്നു. ഡ്രഡ്ജറിന്റെ ചിലവ് പൂർണമായി സംസ്ഥാന സർക്കാർ വഹിച്ചു. ഷിരൂരിൽ തടസമായി ഉണ്ടായിരുന്ന മോശം കാലാവസ്ഥയും മാറി. ഇതോടെയാണ് അടുത്ത ആഴ്ച്ചയിൽ തിരച്ചിൽ പുനരാരംഭിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഗോവ പോർട്ടിൽ നിന്ന് ഡ്രഡ്ജർ ഷിരൂരിൽ എത്തിക്കാൻ 38 മണിക്കൂർ ആവശ്യമാണ്.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഡ്രഡ്ജർ എത്തിയാൽ ഉടൻ പുഴയുടെ അടിത്തട്ടിലുള്ള മണ്ണ് നീക്കം ചെയ്ത് തുടങ്ങും. നേവിയുടെ പരിശോധനയിൽ മാർക്ക് ചെയ്തിട്ടുള്ള സ്ഥലത്തെ മണ്ണും കല്ലുകളുമായിരിക്കും ഡ്രഡ്ജർ ഉപയോഗിച്ച് ആദ്യം നീക്കം ചെയ്യുക. തുടർന്ന് നാവികസേനയും, ഈശ്വർ മാൽപെയുടെ സംഘവും പുഴയിലിറങ്ങിയുള്ള പരിശോധന വീണ്ടും തുടങ്ങും.
The post ഷിരൂരിൽ അർജുനായുള്ള തെരച്ചിൽ വ്യാഴാഴ്ച പുനരാരംഭിക്കും; ഡ്രഡ്ജർ ബുധനാഴ്ച എത്തിക്കും appeared first on Metro Journal Online.