കെജ്രിവാൾ ഇന്ന് രാജിവെക്കും; പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ നിയമസഭാ കക്ഷി യോഗം ചേരും

അരവിന്ദ് കെജ്രിവാൾ ഇന്ന് ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. വൈകിട്ട് ഗവർണർക്ക് രാജിക്കത്ത് നൽകും. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ഇന്ന് നിയമസഭാ കക്ഷി യോഗം ചേരുന്നുണ്ട്. നിർണായക നടപടികളിലേക്കാണ് കെജ്രിവാളും എഎപിയും നീങ്ങുന്നത്. ഇന്നലെ ചേർന്ന 11 അംഗ രാഷ്ട്രീകാര്യ സമിതിയിൽ ഓരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കെജ്രിവാൾ തേടിയിരുന്നു
സമിതി യോഗത്തിലെ തീരുമാനം ഇന്ന് എംഎൽഎമാരെ അറിയിക്കും. തുടർന്ന് ഓരോ എംഎൽഎമാരുടെയും അഭിപ്രായം തേടി പുതിയ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷി മെർലെനക്കാണ് സാധ്യത കൂടുതൽ. ഭൂരിപക്ഷം നേതാക്കളും അതിഷിയുടെ പേരാണ് നിർദേശിച്ചത്.
അതിഷി, കൈലാഷ് ഗെഹ്ലോട്ട്, ഗോപാൽ റോയി എന്നീ നേതാക്കളുടെ പേരാണ് ചർച്ചയിൽ ഉയർന്നത്. ഭരണരംഗത്ത് തിളങ്ങിയതും വനിത ആണെന്നതുമാണ് അതിഷിയുടെ സാധ്യത വർധിപ്പിക്കുന്നത്. ഗോപാൽ റായി പാർട്ടിയുടെ സ്ഥാപക അംഗമാണ്. കെജ്രിവാളിന്റെ വിശ്വസ്തൻ കൂടിയാണ്. ജാട്ട് സമുദായത്തിലെ സ്വീകാര്യതയും രാഷ്ട്രീയത്തിലെ ദീർഘ പരിചയവുമാണ് കൈലാഷിനെ പരിഗണിക്കാൻ കാരണം.
The post കെജ്രിവാൾ ഇന്ന് രാജിവെക്കും; പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ നിയമസഭാ കക്ഷി യോഗം ചേരും appeared first on Metro Journal Online.