സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രവാസിയെ രക്ഷിക്കാൻ ബോബി ചെമ്മണ്ണൂരിന്‍റെ യാചക യാത്ര ആരംഭിച്ചു

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ മോചനത്തിനായി പണം സ്വരൂപിക്കാന്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്‍റെ ‘യാചക യാത്ര’. കേരളത്തിലുടനീളം യാത്ര ചെയ്ത് പണം പിരിക്കാനാണ് തീരുമാനം.
ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നിലവിൽ ഒരുകോടി രൂപ കൈമാറിയിട്ടുണ്ട്. ബാക്കി വരുന്ന തുകയ്ക്കാണ് പിരിവെടുക്കാൻ ഇങ്ങനെയൊരു പരിപാടി ചെയ്യാനായി തീരുമാനിച്ചത്. ആകെ 34 കോടി രൂപയാണ് അബ്ദുല്‍ റഹീമിന്‍റെ മോചനത്തിനായി ആവശ്യം വരുന്നത്. ധനസമാഹരണത്തിന്‍റെ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് തമ്പാനൂരില്‍ നടന്നു.
തുടര്‍ന്ന് കേരളത്തിലങ്ങോളമിങ്ങോളം പണം സ്വരൂപിക്കാൻ ‘യാചിക്കു’മെന്നാണ് ബോബി ചെമ്മണ്ണൂര്‍ പറയുന്നത്.
അബ്ദുൽ റഹീം കഴിഞ്ഞ 18 വര്‍ഷമായി സൗദിയിൽ ജയിലിലാണ്. സ്പോണ്‍സറുടെ മകന്‍റെ മരണത്തിന് കാരണക്കാരനായി എന്ന കുറ്റത്തിനാണ് അബ്ദുല്‍ റഹീമിന് വധശിക്ഷ വിധിച്ചത്.ഭിന്നശേഷിക്കാരനായ കുട്ടി കാറില്‍ വച്ച് അസ്വസ്ഥത കാണിച്ചപ്പോള്‍ സഹായത്തിനെത്തിയ അബ്ദുല്‍റഹീമിന്‍റെ കൈ തട്ടി കഴുത്തില്‍ ഘടിപ്പിച്ചിരുന്ന ജീവന്‍ രക്ഷാ ഉപകരണം നിലച്ചുപോയി. ഇതാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. 34 കോടി രൂപ മോചനദ്രവ്യം നൽകിയാൽ വധശിക്ഷയിൽ നിന്ന് രക്ഷ നേടാം.
ബോബി ചെമ്മണ്ണൂരിന്‍റെ സോഷ്യല്‍ മീഡീയാ അക്കൗണ്ട് വഴിയും പണം സ്വരൂപിക്കും.അബ്ദുല്‍ റഹീം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി ട്രസ്റ്റിന്‍റെ അക്കൗണ്ടിലാണ് പണം സ്വരൂപിക്കുന്നത്. ശിക്ഷ നടപ്പാക്കുന്നതിൽ സാവകാശം തേടി കേന്ദ്ര വിദേശകാര്യമന്ത്രാലയം വഴി അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്.
എം പി അബ്ദുൽ റഹീം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി
A/c NO 074905001625
IFSC : ICIC0000749
BANK:ICICI MALAPPURAM
G PAY:9072050891,9567483832