Kerala
പാലിയേക്കരയിൽ ടോൾ പിരിവ് നിരോധനം തുടരും; വിഷയം ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

പാലിയേക്കരയിൽ ടോൾ പിരിക്കുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ നിരോധനം തുടരും. വിഷയം ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയപാത അതോറിറ്റിക്ക് കോടതി നിർദേശം നൽകി.
ഇന്നലെ മുരിങ്ങൂർ അമ്പലൂർ മേഖലയിൽ ബ്ലോക്ക് ഉണ്ടായിരുന്നതായി ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു. ബ്ലോക്കിന്റെ സമയം കുറഞ്ഞോയെന്ന ചോദ്യത്തിന് അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ബ്ലോക്ക് ഉണ്ടായിരുന്നുവെന്ന് കലക്ടർ മറുപടി നൽകി.
സുരക്ഷാ പ്രശ്‌നങ്ങളെ ലഘൂകരിച്ച് കാണാനാകില്ലെന്ന് കോടതി പറഞ്ഞു. ഓഗസ്റ്റ് 6നാണ് പാലിയേക്കരയിൽ ടോൾ പിരിവ് ഹൈക്കോടതി നിരോധിച്ചത്. കഴിഞ്ഞ 51 ദിവസമായി ടോൾ വിലക്ക് തുടരുകയാണ്.