National

വർഷങ്ങൾക്ക് ശേഷം ശക്തിമാൻ തിരിച്ചെത്തുന്നു; സമയമായെന്ന് നടൻ മുകേഷ് ഖന്ന

90-കളിൽ കുട്ടികളുടെ ആവേശമായി മാറിയ ഇന്ത്യൻ സൂപ്പർ ഹീറോ ശക്തിമാൻ തിരികെയെത്തുന്നു. ശക്തിമാനായി വേഷമിട്ട മുകേഷ് ഖന്ന തന്നെയാണ് ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ അറിയിച്ചത്. ഇൻസ്റ്റാഗ്രാമിൽ ഷോയുടെ ടീസർ മുകേഷ് ഖന്ന പങ്കിട്ടിരുന്നു. “അവൻ മടങ്ങിവരാനുള്ള സമയമാണിതെന്നായിരുന്നു താരത്തിൻ്റെ പോസ്റ്റ്. തിന്മകളെ പറ പറപ്പിക്കാൻ, ദുഷ്ട ശക്തികളെ നേരിടാൻ ശക്തിമാൻ എത്തുന്നുവെന്നായിരുന്നു പോസ്റ്റിൽ. അധികം താമസിക്കാതെ തന്നെ ഷോ ആരംഭിക്കുമെന്നാണ് സൂചന.

ശക്തിമാനിൽ’ രൺവീർ സിംഗ് നായകനാകുമെന്ന് നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. മുകേഷ് ഖന്നയും രൺവീർ സിങ്ങുമായി ചർച്ച നടത്തിയതായും ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ റിപ്പോർട്ടുകളെല്ലാം തന്നെ മുകേഷ് ഖന്ന നിഷേധിച്ചിരുന്നു. പുതിയ ടീസറിൽ, രൺവീർ സിംഗ് അല്ല, മുകേഷ് ഖന്ന തന്നെയാണ് ‘ശക്തിമാന്റെ’ രൂപത്തിൽ എത്തുന്നത്. നീണ്ട 19 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശക്തിമാൻ വീണ്ടും റിലീസിനെത്തുന്നത്.

ഡിഡി നാഷ്ണലിൽ 1997 സെപ്റ്റംബർ മുതൽ 2005 മാർച്ച് 27 വരെയാണ് ശക്തിമാൻ ടീവിയിൽ സംപ്രേക്ഷണം ചെയ്തത്. ആജ കി ആവാസ് എന്ന പത്രത്തിൻ്റെ ഫോട്ടോഗ്രാഫറായ ഗംഗാധർ എന്ന കഥാപാത്രമായും മുകേഷ് ഖന്ന എത്തുന്നുണ്ട്. ഗീതാ ബിശ്വാസ്, കിൽവിഷ്, തമ്രാജ്, ഡോക്ടർ ജെയിംസ് തുടങ്ങിയ കഥാപാത്രങ്ങളെയൊന്നും പ്രേക്ഷകർ മറന്നു കാണില്ല. മുഖേഷ് ഖന്നയുടെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് കൂടിയായിരുന്നു ശക്തിമാൻ.

1997-ൽ ദൂരദർശനിൽ ആരംഭിച്ച ശക്തിമാൻ സീരിയൽ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഒരു സുവർണ്ണ അദ്ധ്യായമായിരുന്നു. ശക്തിമാൻ ഇന്ത്യയുടെ ആദ്യത്തെ ടെലിവിഷൻ സൂപ്പർഹീറോയായിരുന്നു. ശക്തിമാൻ സീരിയൽ ഇന്ത്യൻ ടെലിവിഷൻ സൂപ്പർഹീറോ സിനിമയുടെ തുടക്കമായിരുന്നു. ഇത് പിന്നീട് നിരവധി സൂപ്പർഹീറോ ചിത്രങ്ങൾക്ക് വഴിതുറന്നു. ഇന്നും പല തലമുറകളുടെയും ഹൃദയങ്ങളിൽ ജീവിക്കുന്ന കഥാപാത്രമാണ് ശക്തിമാൻ.

See also  വൻ ലഹരി മരുന്ന് വേട്ട; ഡൽഹിയിൽ പിടികൂടിയത് 500 കിലോഗ്രാം കൊക്കെയ്ൻ

Related Articles

Back to top button