Sports

കെസിഎ കൊടുത്ത എട്ടിന്റെ പണി;സഞ്ജുവിന് ചാംപ്യൻസ് ട്രോഫി നഷ്ടമാവുന്നു

മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ടീമിൽ ഇടം ലഭിക്കാൻ സാധ്യത ഇല്ലെന്ന് റിപ്പോർട്ട്. വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു സാംസൺ കളിക്കാതിരുന്നതിനെ തുടർന്നാണ് ഇത്. ധ്രുവ് ജുറൽ, ഋഷഭ് പന്ത് എന്നിവരെയാണ് ചാംപ്യൻസ് ട്രോഫി സ്ക്വാഡിൽ വിക്കറ്റ് കീപ്പർ സ്ഥാനങ്ങളിലേക്ക് സെലക്ടർമാർ പരിഗണിക്കുന്നത്.

വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ സന്നദ്ധനാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെ സഞ്ജു അറിയിച്ചിരുന്നു. എന്നാൽ വിജയ് ഹസാരെ ട്രോഫിക്ക് മുൻപുള്ള ക്യാംപിൽ സഞ്ജു പങ്കെടുത്തിരുന്നില്ല. ഇതേ തുടർന്ന് സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സ്ക്വാഡിൽ നിന്ന് കെസിഎ മാറ്റി നിർത്തി. ഇതേ കുറിച്ച് വിശദീകരണം ആരാഞ്ഞപ്പോൾ യുവ താരങ്ങൾക്കാണ് സ്ക്വാഡിൽ അവസരം നൽകിയത് എന്നാണ് കെസിഎയുടെ പ്രതികരിച്ചത്.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഈ നിലപാടാണ് ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ ഇടം ലഭിക്കുന്നതിൽ സഞ്ജുവിന് തിരിച്ചടിയായത്. പരുക്കിന്റെ പിടിയിൽ അല്ലാതിരുന്നിട്ടും ആഭ്യന്തര ക്രിക്കറ്റ് മത്സരം കളിക്കാതെ വിടുന്ന താരങ്ങൾക്കെതിരെ കടുത്ത നിലപാടാണ് ബിസിസിഐ സ്വീകരിക്കുന്നത്. ഇതോടെയാണ് ട്വന്റി20യിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായിട്ടും സഞ്ജുവിന് ചാംപ്യൻസ് ട്രോഫി സ്ക്വാഡിൽ ഇടം നേടാനാവാതെ പോകുന്നത്.

ഏകദിന ലോകകപ്പിൽ കെ.എൽ.രാഹുലായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. എന്നാൽ ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഋഷഭ് പന്തിനേയും ധ്രുവ് ജുറലിനേയും വിക്കറ്റ് കീപ്പർമാരായി ഉൾപ്പെടുത്താനാണ് സെലക്ടർമാർ ആലോചിക്കുന്നത് എന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു

ഋഷഭ് പന്ത് ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറാവുമ്പോൾ രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് മൂന്ന് പേരാണ് മത്സരിക്കുന്നത്. ധ്രുവ് ജുറൽ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ. ഇഷാൻ കിഷൻ​ വിജയ് ഹസാരെ ട്രോഫിയിൽ ഏഴ് കളിയിൽ നിന്ന് 316 റൺസ് സ്കോർ ചെയ്തു. ഒരു സെഞ്ചുറിയും നേടിയിരുന്നു.

The post കെസിഎ കൊടുത്ത എട്ടിന്റെ പണി;സഞ്ജുവിന് ചാംപ്യൻസ് ട്രോഫി നഷ്ടമാവുന്നു appeared first on Metro Journal Online.

See also  ഡ്രസിംഗ് റൂമിലെ സംസാരം അവിടെ കഴിയണം; രൂക്ഷ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍

Related Articles

Back to top button