നിരുപാധിക വെടിനിർത്തലിന് ആഹ്വാനം ചെയ്ത് കംബോഡിയ; പ്രതികരിക്കാതെ തായ്‌ലൻഡ്

തായ്ലൻഡുമായി നിരുപാധിക വെടിനിർത്തലിന് ആഹ്വാനം ചെയ്ത് കംബോഡിയ. തർക്കത്തിന് സമാധാനപരമായ പരിഹാരം വേണമെന്നും കംബോഡിയ വ്യക്തമാക്കി. എന്നാൽ ആഹ്വാനത്തോട് തായ്ലൻഡ് പ്രതികരിച്ചിട്ടില്ല. കംബോഡിയയുമായി അതിർത്തി പങ്കിടുന്ന എട്ട് ജില്ലകളിൽ പട്ടാള നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് തായ്ലൻഡ്.
ജനവാസപ്രദേശങ്ങൾ കംബോഡിയ ആക്രമിച്ചതായി തായ്ലൻഡ് ആരോപിച്ചു. സംഘർഷത്തിൽ ഇരുരാജ്യങ്ങളിലുമായി ഇതുവരെ 16 പേർ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനു പേരെ ഒഴിപ്പിച്ചിട്ടുണ്ട്. തായ്ലൻഡ് -കംബോഡിയ സംഘർഷത്തിൽ ആശങ്കയറിയിച്ച് യൂറോപ്യൻ യൂണിയൻ രംഗത്തുവന്നിരുന്നു.
അതിർത്തി തർക്കത്തെ തുടർന്ന് ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. ദീർഘനാളായി തുടരുന്ന അതിർത്തി തർക്കങ്ങളുടെ തുടർച്ചയായാണ് സംഘർഷം. 817 കിലോമീറ്റർ കര അതിർത്തി ഇരുരാജ്യങ്ങളും പങ്കിടുന്നുണ്ട്.
The post നിരുപാധിക വെടിനിർത്തലിന് ആഹ്വാനം ചെയ്ത് കംബോഡിയ; പ്രതികരിക്കാതെ തായ്ലൻഡ് appeared first on Metro Journal Online.