ലോർഡ്‌സിൽ വിജയം ആര്‍ക്കൊപ്പം: അവസാന ദിനം ഇന്ത്യക്ക് വേണ്ടത് 135 റൺസ്, കയ്യിലുള്ളത് ആറ് വിക്കറ്റ്

ലോർഡ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അവസാന ദിനമായ ഇന്ന് ഇന്ത്യക്ക് വേണ്ടത് 135 റൺസാണ്. അതേസമയം ആറ് വിക്കറ്റുകൾ മാത്രമേ ഇനി ശേഷിക്കുന്നുള്ളുവെന്നത് ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ്. നാലാം ദിനം അവസാനിക്കുമ്പോൾ 4ന് 58 റൺസ് എന്ന നിലയിലാണ് ഇന്ത്യ
193 റൺസ് വിജയലക്ഷ്യവുമായാണ് നാലാം ദിനം ഇന്ത്യ രണ്ടാമിന്നിംഗ്‌സ് ആരംഭിച്ചത്. നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിംഗ്‌സ് 192 റൺസിൽ അവസാനിച്ചിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദറാണ് ഇംഗ്ലണ്ട് നിരയിൽ കൂടുതൽ നാശം വിതച്ചത്. ബുമ്ര, സിറാജ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ യശ്വസി ജയ്‌സ്വാളിനെ നഷ്ടമായി. താരം പൂജ്യത്തിന് മടങ്ങി. പിന്നാലെ ക്രീസിലെത്തിയ കരുൺ നായരുമൊത്ത് കെഎൽ രാഹുൽ സ്‌കോർ 36 വരെ എത്തിച്ചെങ്കിലും 14 റൺസിന് കരുൺ വീണു. ഗിൽ ആറ് റൺസിനും പുറത്തായതോടെ ഇന്ത്യ കൂടുതൽ പ്രതിരോധത്തിലായി. നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ് ദീപ് ഒരു റൺസിനും ഔട്ടായതോടെ ഇന്ത്യ 4ന് 58 റൺസ് എന്ന നിലയിലായി
ക്രീസിൽ തുടരുന്ന കെഎൽ രാഹുലിൽ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷകൾ ഏറെയും. റിഷഭ് പന്തും രവീന്ദ്ര ജഡേജയുമാണ് ഇനി ഇറങ്ങാനുള്ളത്. ഒന്നാം സെഷനിൽ വിക്കറ്റ് വീഴാതെ പിടിച്ചുനിൽക്കാനായാൽ ഇന്ത്യക്ക് വിജയത്തിലേക്ക് പതിയെ എത്താം. അതേസമയം മത്സരത്തിന്റെ അന്തിമ ഘട്ടത്തിലേക്ക് അടുക്കുന്തോറും പിച്ച് ബൗളർമാർക്ക് അനുകൂലമായി വരുന്നതാണ് കാണുന്നത്