Sports

രണ്ടാം ടെസ്റ്റിലും നാണം കെട്ട് തോറ്റ് ടീം ഇന്ത്യ; തോൽവി 408 റൺസിന്, പരമ്പരയിൽ വൈറ്റ് വാഷ്

ഗുവാഹത്തി ടെസ്റ്റിലും ഇന്ത്യക്ക് നാണം കെട്ട തോൽവി. 408 റൺസിന്റെ കൂറ്റൻ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. വിജയലക്ഷ്യമായ 549 റൺസിലേക്ക് ബാറ്റേന്തിയ ഇന്ത്യ 140 റൺസിന് എല്ലാവരും ഓൾ ഔട്ടായി. വിജയലക്ഷ്യത്തിലേക്ക് എത്തുക അസാധ്യമാണെന്നിരിക്കെ സമനില ലക്ഷ്യമിട്ട് അമിത പ്രതിരോധത്തിലൂന്നിയെങ്കിലും കൃത്യമായ ഇടവേളകളിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഇന്ത്യൻ നിരയിൽ വിള്ളൽ വീഴ്ത്തിയതോടെ ഇന്ത്യ തല കുനിച്ചു

54 റൺസെടുത്ത രവീന്ദ്ര ജഡേജക്ക് മാത്രമാണ് എന്തെങ്കിലും ചെയ്യാനായത്. വാഷിംഗ്ടൺ സുന്ദർ 16 റൺസും സായ് സുദർശൻ 139 പന്തിൽ 14 റൺസുമെടുത്തു. 2ന് 27 റൺസ് എന്ന നിലയിലാണ് ഇന്ത്യ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. 113 റൺസ് കൂടി മാത്രമേ അവസാന ദിനം കൂട്ടിച്ചേർക്കാൻ ഇന്ത്യക്ക് സാധിച്ചുള്ളു. 

ആറ് വിക്കറ്റ് വീഴ്ത്തിയ സിമോൻ ഹാർമറാണ് ഇന്ത്യയെ തകർത്തത്. കേശവ് മഹാരാജ് രണ്ട് വിക്കറ്റെടുത്തു. മാർകോ ജാൻസൺ, സെനുരാൻ മുത്തുസ്വാമി എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി. 22 വർഷത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത്. അതും വൈറ്റ് വാഷിലൂടെ. ഗംഭീർ ഇന്ത്യൻ കോച്ചായി വന്നതിന് ശേഷം ഇത് രണ്ടാം തവണയാണ് ഒരു പരമ്പരയിലെ എല്ലാ മത്സരങ്ങളും ഇന്ത്യ തോൽക്കുന്നത്

ഗുവാഹത്തിയിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 489 റൺസാണ് എടുത്തത്. മുത്തുസ്വാമിയുടെ 109 റൺസും മാർകോ ജാൻസന്റെ 93 റൺസുമാണ് അവർക്ക് മികച്ച സ്‌കോർ നേടിക്കൊടുത്തത്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 201 റൺസിന് ഓൾ ഔട്ടായി. 288 റൺസിന്റെ ലീഡാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. രണ്ടാമിന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്ക 260ന് 5 എന്ന നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്ത് ഇന്ത്യക്ക് മുന്നിൽ 549 റൺസിന്റെ വിജയലക്ഷ്യം കുറിക്കുകയായിരുന്നു.
 

See also  5ന് 435 റൺസ്, സ്മൃതിക്കും പ്രതികയ്ക്കും സെഞ്ച്വറി; അയർലൻഡിൽ ഇന്ത്യൻ വനിതകളുടെ സംഹാരതാണ്ഡവം

Related Articles

Back to top button