പരുക്കൻ സെമിഫൈനൽ; അർജന്റീനയ്ക്കെതിരെ ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ച് ആന്റണി ഗോർഡൻ
അറ്റ്‌ലാന്റ: ലോകകപ്പ് സെമിഫൈനലിലെ വമ്പന്മാരുടെ പോരാട്ടത്തിൽ പരമ്പരാഗത വൈരികളായ അർജന്റീനയ്ക്കെതിരെ ഇംഗ്ലണ്ടിന് ലീഡ്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ നടക്കുന്ന കടുത്ത പോരാട്ടത്തിന്റെ രണ്ടാം പകുതിയിലാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്. 55-ാം മിനിറ്റിൽ വിങ്ങർ ആന്റണി ഗോർഡനാണ് ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടത്. റൈസ് നൽകിയ പാസിൽ നിന്ന് മോർഗൻ റോജേഴ്സ് ബോക്സിലേക്ക് നൽകിയ മനോഹരമായ ക്രോസ് തകർപ്പൻ ഫിനിഷിലൂടെ ഗോർഡൻ അർജന്റീനിയൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ കീഴടക്കി വലയിലെത്തിക്കുകയായിരുന്നു.
തുടക്കം മുതൽ ഇരു ടീമുകളും കടുത്ത പ്രത്യാക്രമണങ്ങളുമായി കളം നിറഞ്ഞതോടെ മത്സരം കയ്യാങ്കളിയുടെ വക്കോളമെത്തി. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ അർജന്റീനിയൻ താരം എൻസോ ഫെർണാണ്ടസ് ഇംഗ്ലണ്ടിന്റെ എലിയറ്റ് ആൻഡേഴ്സണെ പിന്നിൽ നിന്ന് ഫൗൾ ചെയ്തത് വലിയ വാക്കേറ്റത്തിന് വഴിവെച്ചു. ആദ്യ പകുതിയിൽ കളിക്കളത്തിൽ ഫൗളുകളുടെ പെരുമഴയായിരുന്നു.
ഇതിനകം കളിയിൽ മൂന്ന് മഞ്ഞക്കാർഡുകളാണ് റഫറി പുറത്തെടുത്തത്. ഇംഗ്ലണ്ടിന്റെ എലിയറ്റ് ആൻഡേഴ്സണും അർജന്റീന പ്രതിരോധ നിരയിലെ വിശ്വസ്തരായ ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേരോ എന്നിവരും മഞ്ഞക്കാർഡ് കണ്ട് കഴിഞ്ഞു. നിലവിൽ കളിയിലെ ഏക ഗോൾ ലീഡുമായി ഇംഗ്ലണ്ട് ഫൈനൽ പ്രവേശനത്തിനായുള്ള കടുത്ത പോരാട്ടത്തിലാണ്. സ്പെയിനാണ് ഫൈനലിൽ കാത്തിരിക്കുന്ന മറ്റൊരു ടീം.



