കാഫിർ സ്‌ക്രീൻ ഷോട്ട് കേസ്: അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും

കാഫിർ സ്‌ക്രീൻഷോട്ട് കേസുകളിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. വടകര എസ്എച്ച്ഒ ചിഫ് ജുഡീഷ്യൽ മജിസ്ട്രറ്റ് മുമ്പാകെയാണ് സമർപ്പിക്കുക. വിവാദ സന്ദേശം ആദ്യം അയച്ചത് ആരെന്ന വിവരം മെറ്റയിൽ നിന്നും കിട്ടിയില്ല. ഇക്കാര്യം പോലീസ് കോടതിയെ ഇന്ന് അറിയിക്കുമെന്ന് സൂചന. നിലവിൽ രണ്ടു കേസുകളിൽ ആണ് അന്വേഷണം.
അന്വേഷണ പുരോഗതിയുടെ റിപ്പോർട്ടും പിടിച്ചെടുത്ത ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലവും ഹാജരാക്കാൻ രണ്ടാഴ്ച മുന്നേ പോലീസിന് കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ കേസ് പരിഗണിച്ചപ്പോൾ റിപ്പോർട്ട് ഹാജരാക്കാതിരുന്ന പോലീസ് സമയം നീട്ടി ചോദിക്കുകയായിരുന്നു. തുടർന്ന് റിപ്പോർട്ട് ഇന്ന് ഹാജരാക്കണമെന്ന് നിർദേശം നൽകിയിരുന്നു.
കേസെടുത്ത് എട്ട് മാസമായിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയും അന്വേഷണത്തിൽ കോടതി മേൽനോട്ടം ആവശ്യപ്പെട്ടുമാണ് പരാതിക്കാരനായ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം വടകര മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാൽ പോലീസിന്റെ വാദവും കൂടെ കേട്ടശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. തുടർന്നാണ് അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടത്.
The post കാഫിർ സ്‌ക്രീൻ ഷോട്ട് കേസ്: അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും appeared first on Metro Journal Online.