World

താരിഫ് യുദ്ധം; ലോകരാജ്യങ്ങൾക്ക് ചൈനയുടെ മുന്നറിയിപ്പ്: അമേരിക്കൻ ഭീഷണിക്ക് വഴങ്ങിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കും

ബെയ്ജിങ്: ചൈനയുമായുളള വ്യാപാരം പരിമിതപ്പെടുത്തണമെന്ന് അമേരിക്ക ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്യുന്നതിനിടെ, മറുപടിയുമായി ചൈന രംഗത്ത്. അമേരിക്കയുടെ ഭീഷണിയ്ക്ക് വഴങ്ങി തങ്ങളുമായി വ്യാപാരം പരിമിതപ്പെടുത്തിയാൽ അതേ നാണയത്തില്‍ തിരിച്ചടി ലഭിക്കുമെന്നും അത്തരം നീക്കങ്ങളെ തങ്ങൾ അതിശക്തമായി നേരിടുമെന്നുമാണ് ചൈനയുടെ മുന്നറിയിപ്പ്.

ചൈനയുടെ വ്യാപാര മന്ത്രാലയമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്ക അനാവശ്യമായ താരിഫുകൾ ഏർപ്പെടുത്തി മറ്റ് രാജ്യങ്ങളെ വരുതിയിലാക്കാൻ ശ്രമിക്കുകയാണെന്നും അത്തരത്തിൽ വഴങ്ങാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രാലയത്തിന്റെ പ്രതിനിധി പറഞ്ഞു. ചൈനയുടെ എല്ലാ താത്പര്യങ്ങളും അവകാശങ്ങളും അതേപടി നിലനിൽക്കുമെന്നും, അവയെ സംരക്ഷിക്കാൻ ഏതറ്റം വരെ പോകുമെന്നും വ്യാപാര മന്ത്രാലയം അറിയിച്ചു.

നേരത്തെ, ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് ശേഷം ഏകദേശം അമ്പത് രാജ്യങ്ങൾ തങ്ങളുമായി ചർച്ചകൾക്ക് തയ്യാറായതായി അമേരിക്ക അറിയിച്ചിരുന്നു. താരിഫ് പ്രഖ്യാപനം വലിയ വിവാദമായതിന് പിന്നാലെ ചൈന ഒഴികെയുള്ള രാജ്യങ്ങളുടെ മേൽ ഏർപ്പെടുത്തിയ താരിഫുകൾ ട്രംപ് മരവിപ്പിച്ചിരുന്നു.

അതേസമയം, ഡൊണാൾഡ് ട്രംപിനെതിരെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത പ്രതിഷേധം ഉയരുകയാണ്. ട്രംപ് നയങ്ങൾക്കെതിരായി, വിവിധ മുദ്രാവാക്യങ്ങളുയർത്തി ആയിരക്കണക്കിന് ജനങ്ങളാണ് തെരുവിലിറങ്ങിയിരിക്കുന്നത്.

നാടുകടത്തൽ, ഗാസയ്‌ക്കെതിരായ യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണയ്ക്കൽ, ജീവനക്കാരെ പുറത്താക്കൽ, വിവിധ വകുപ്പുകളുടെ അടച്ചുപൂട്ടുൽ, എൽജിബിടിക്യൂ വിരുദ്ധ നിയമങ്ങൾ എന്നിവയിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. അമേരിക്കയിലെ പ്രധാനപ്പെട്ട നഗരങ്ങളായ ന്യൂയോർക്ക്, വാഷിംഗ്ടൺ ഡി സി, സാൻ ഫ്രാൻസിസ്‌കോ, ബോസ്റ്റൺ തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രതിഷേധം അരങ്ങേറി. റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളായ ടെക്സസിലടക്കം വലിയ പ്രതിഷേധമാണ് ഉയർന്നുവന്നത്.

The post താരിഫ് യുദ്ധം; ലോകരാജ്യങ്ങൾക്ക് ചൈനയുടെ മുന്നറിയിപ്പ്: അമേരിക്കൻ ഭീഷണിക്ക് വഴങ്ങിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കും appeared first on Metro Journal Online.

See also  പാക്കിസ്ഥാനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം 21 മരണം

Related Articles

Back to top button