World
ജോലി ഭാരം കുറയ്ക്കാൻ 10 രോഗികളെ കൊലപ്പെടുത്തി; ജർമനിയിൽ നഴ്‌സിന് ജീവപര്യന്തം ശിക്ഷ

ജോലി ഭാരം കുറയ്ക്കാനായി പത്ത് രോഗികളെ കൊലപ്പെടുത്തുകയും 27 പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജർമനിയിൽ നഴ്‌സിന് ജീവപര്യന്തം തടവ്. മാരകമായ മരുന്ന് കുത്തിവെച്ചാണ് നഴ്‌സ് കൊലപാതക പരമ്പര നടത്തിയത്.
2023 ഡിസംബർ മുതൽ 2024 മെയ് വരെ ജർമനി ആച്ചനിന് അടുത്തുള്ള വുർസെലനിലെ ക്ലിനിക്കിലായിരുന്നു സംഭവം. 44കാരനായ നഴ്‌സാണ് ക്രൂരകൃത്യം നടത്തിയത്. രാത്രി ഷിഫ്റ്റുകളിലെ ജോലി ഭാരം കുറയ്ക്കാനായിരുന്നു ശ്രമം.
പ്രായമായ രോഗികൾക്ക് വലിയ അളവിൽ ലഹരി മരുന്നുകളോ വേദന സംഹാരികളോ അമിത ഡോസിൽ കുത്തിവെച്ചതായി കോടതി കണ്ടെത്തി. യുഎസിൽ വധശിക്ഷക്ക് ഉപയോഗിക്കുന്ന മോർഫിനും മിഡാസോലവും പ്രതി ഉപയോഗിച്ചതായും കോടതി കണ്ടെത്തിയിരുന്നു.



