World

റഷ്യയിൽ 19 ദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം അണക്കെട്ടിൽ കണ്ടെത്തി

ഇന്ത്യൻ മെഡിക്കൽ വിദ്യാർഥിയെ റഷ്യയിലെ അണക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 19 ദിവസം മുൻപ് കാണാതായ അജിത് സിംഗ് ചൗധരിയെയാണ് റഷ്യയിലെ ഉഫ സിറ്റിയിൽ വൈറ്റ് നദിയോട് ചേർന്നുള്ള അണക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാനിലെ കുഫുൻവാര സ്വദേശിയാണ്

റഷ്യയിലെ ഉഫ സിറ്റിയിലെ ബഷ്‌കിർ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിയായിരുന്നു. മൃതദേഹം കണ്ടെത്തിയ വിവരം ഇദ്ദേഹത്തിന്റെ ഇന്ത്യയിലെ ബന്ധുക്കളെ അറിയിച്ചു. ഒക്ടോബർ 19 നാണ് ഇദ്ദേഹത്തെ കാണാതായത്. വാർഡന്റെ പക്കൽ നിന്ന് പാൽ വാങ്ങി വരാമെന്ന് സുഹൃത്തുക്കളോട് പറഞ്ഞ് ഇറങ്ങിപ്പോയ യുവാവ് പിന്നീട് മടങ്ങിവന്നില്ലെന്നാണ് മൊഴി. അജിതിന്റെ മൃതദേഹം സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു. 

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കും. ഉഫയിൽ വൈറ്റ് നദീതീരത്ത് അജിതിന്റേതെന്ന് കരുതുന്ന ജാക്കറ്റും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. അജിത് പഠിച്ചിരുന്ന മെഡിക്കൽ കോളേജിനടുത്താണ് വൈറ്റ് നദി. കാണാതാവുന്നതിന് ഒരു മണിക്കൂർ മുൻപ് അജിത് അമ്മയോടും സഹോദരിയോടും വീഡിയോ കോളിൽ സംസാരിച്ചിരുന്നു. അടുത്ത മാസം നാട്ടിൽ വരാൻ നിശ്ചയിച്ചിരുന്നതാണെന്നും ഈ സമയത്താണ് അജിതിനെ കാണാതായതെന്നും കുടുംബം പറയുന്നു.
 

See also  ഇറാനിൽ പ്രക്ഷോഭകരെ കൂട്ടക്കുരുതി നടത്തി ഭരണകൂടം; മരണസംഖ്യ 2400 കടന്നു

Related Articles

Back to top button