ഐതിഹാസിക കരിയറിന് അവസാനം; സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു. 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് വിരമിക്കൽ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയാണ് സുനിത പടിയിറങ്ങുന്നത്
സുനിതക്ക് നന്ദി അറിയിച്ച് നാസ അഡ്മിനിസ്‌ട്രേറ്റർ ജാരഡ് ഐസക്മാൻ രംഗത്തുവന്നു. സുനിത വില്യംസ് മനുഷ്യരാശിയുടെ ബഹിരാകാശ യാത്രയിൽ ഒരു പുതിയ പാത തുറന്ന വ്യക്തിയാണ്. ബഹിരാകാശ നിലയത്തിലെ അവരുടെ ദൗത്യം വിവിധ പര്യവേക്ഷണങ്ങളുടെ ഭാവി രൂപപ്പെടുത്തുകയും ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്കുള്ള വാണിജ്യ ദൗത്യങ്ങൾക്ക് വഴി തുറക്കുകയും ചെയ്തതായി ഐസ്‌കമാൻ പറഞ്ഞു
1998ലാണ് സുനിത നാസയിൽ ചേരുന്നത്. ബുഷ് വിൽമോറിനൊപ്പം ഏറ്റവും ഒടുവിലായി നടത്തിയ ബഹിരാകാശ യാത്ര 10 ദിവസത്തേക്കാണ് നിശ്ചയിച്ചതെങ്കിലും പേടകത്തിന് സാങ്കേതിക തകരാർ സംഭവിച്ചതോടെ 286 ദിവസം വരെ നീണ്ടു. ഒമ്പത് തവണയാണ് സുനിത ബഹിരാകാശത്ത് നടന്നത്. ആകെ 62 മണിക്കൂർ 6 മിനിറ്റ്. ഇത് റെക്കോർഡ് നേട്ടമാണ്.
2006 ഡിസംബർ 9നായിരുന്നു സുനിതയുടെ ആദ്യ ബഹിരാകാശ യാത്ര. 2012 ജുലൈ 14ന് രണ്ടാം യാത്ര. 2024 ജൂണിലെ മൂന്നാം ദൗത്യം പക്ഷേ അവസാനിച്ചത് 2025 മാർച്ചിലാണ്.



