ആയത്തുല്ല അലി ഖമനയിയുടെ സംസ്‌കാരം ഷിയ വിശുദ്ധ നഗരമായ മഷാദിൽ

ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം ഇറാൻ നഗരമായ മഷാദിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ്. ഷിയ മുസ്ലിം വിഭാഗത്തിന്റെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതനനഗരമാണ് ഇവിടം.
ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മഷാദിലെ ഇമാമം റെസ പള്ളിയിലാണ് സംസ്‌കരിച്ചിരുന്നത്. അതിനാൽ തന്നെ ഇവിടെ ആയിരിക്കാം ഖമനയിയുടെ സംസ്‌കാരം എന്നാണ് മാധ്യമ റിപ്പോർട്ട്. അതേസമയം സംസ്‌കാരം എന്നുണ്ടാകും എന്നതിൽ വ്യക്തതയില്ല.
ഫെബ്രുവരി 28ന് ആയത്തുല്ല ഖമനയിയുടെ ടെഹ്റാനിലെ വസതിക്ക് നേരെ ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഖമനയിയുടെ മകളും പേരക്കുട്ടിയും മരുമകളും മരുമകനും കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ ഖമനയിയുടെ ഭാര്യ മൻസൂറ ഖോജസ്തേ കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ മരിച്ചത്. പരമോന്നത നേതാവിന്റെ മിലിറ്ററി ബ്യൂറോ ചീഫ് മുഹമ്മദ് ഷിറാസി, രഹസ്യാന്വേഷണ വിഭാഗം തലവൻ സലാഹ് ആസാദി, നൂതന ആയുധപദ്ധതിയുടെ തലവൻ ഹസൻ ജബൽ അമെലിയാൻ എന്നിവരെയും വധിച്ചതായി ഇസ്രയേൽ വ്യക്തമാക്കിയിരുന്നു.



