താത്കാലിക ആശ്വാസം; ഇറാനിലെ ഊർജനിലയങ്ങളും വാതകപ്പാടങ്ങളും ആക്രമിക്കില്ലെന്ന് ഇസ്രായേൽ

ഇറാനിലെ വാതക പാടങ്ങൾക്കും ഊർജ നിലയങ്ങൾക്കും നേരെ ആക്രമണം നടത്തില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ വഷളാകാതിരിക്കാനാണ് ഈ നിലപാട് സ്വീകരിച്ചതെന്നാണ് വിശദീകരണം. ഇറാൻ അടുത്തിടെ ഇസ്രായേലിന് നേരെ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകും. എന്നാൽ ആഗോള എണ്ണവിപണിയെയും സമ്പദ് വ്യവസ്ഥയെയും ബാധിച്ചേക്കാവുന്ന ഊർജ മേഖലകളെ ഒഴിവാക്കാൻ ഇസ്രായേൽ തീരുമാനിക്കുകയായിരുന്നു
അമേരിക്കയുടെ അടക്കം സമ്മർദത്തെ തുടർന്നാണ് ഇസ്രായേലിന്റെ പിൻമാറ്റമെന്നാണ് സൂചന. ഇറാനിലെ ആണവ നിലയങ്ങളെയോ എണ്ണ, വാതക കേന്ദ്രങ്ങളെയോ ആക്രമിക്കുന്നത്. യുദ്ധം കൂടുതൽ സഹ്കീർണമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഊർജ സ്രോതസ്സുകൾക്ക് പകരം ഇറാന്റെ സൈനിക താവളങ്ങളെയും പ്രതിരോധ സംവിധാനങ്ങളെയും മാത്രം ലക്ഷ്യമിട്ടു കൊണ്ടുള്ള കൃത്യമായ തിരിച്ചടിക്ക് ഇസ്രായേൽ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ
ഇസ്രായേലിന്റെ തീരുമാനം താത്കാലികമായി ആശ്വാസം നൽകുന്നതാണെങ്കിലും മേഖലയിലെ സമാധാനം ഇപ്പോഴും തുലാസിലാണ്. തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തിന് ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ ആവർത്തിക്കുമ്പോൾ സ്വന്തം സുരക്ഷ ഉറപ്പാക്കാൻ ഏത് പരിധി വരെയും പോകുമെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്.



