World

അഞ്ച് മിനിറ്റ് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാമോ; 600 രൂപ തരാം: ചൈനയിൽ പുതിയ ട്രെൻഡ്

അഞ്ച് മിനിറ്റ് നേരത്തേക്ക് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ആരോഗ്യവാന്മാരായ പുരുഷന്മാരെ തേടി ചൈനീസ് വനിതകൾ. അതിനായി 50 യുവാൻ അതായത് 600 രൂപ നൽകാനും ഇവർ തയാറാണ്. ഇങ്ങനെ ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കാൻ തയാ‌റാകുന്ന പുരുഷന്മാർക്ക് മാൻ മംസ് എന്നാണിപ്പോൾ പേര്. ജോലിക്കിടയിലെ കനത്ത മാനസിക സംഘർഷമാണ് പുതിയ ട്രെൻഡിന് വഴി വച്ചിരിക്കുന്നത്.

ആരോഗ്യവാന്മാരായ, എന്നു വച്ചാൽ ജിമ്മിൽ പോയി ഉറച്ച ശരീരമുള്ള, നല്ല ഉയരമുള്ള, സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറുന്ന, ക്ഷമയുള്ള പുരുഷന്മാർ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമ്പോൾ മാനസിക സംഘർഷത്തിന് കുറവുണ്ടാകുന്നുണ്ടെന്നാണ് ചൈനീസ് വനിതകൾ സാക്ഷ്യപ്പെടുത്തുന്നത്. ചാറ്റ് ആപ്പുകൾ വഴിയാണ് ഇത്തരം കൂടിക്കാഴ്ചകൾ ആസൂത്രണം ചെയ്യുന്നത്. പിന്നീട് ഏതെങ്കിലും പൊതു ഇടങ്ങളിൽ കണ്ടു മുട്ടി പരസ്പരം ആലിംഗനം ചെയ്യുകയാണ് പതിവ്.

ഗവേഷക വിദ്യാർഥിയായ ഒരു പെൺകുട്ടി സമൂഹമാധ്യമത്തിലൂടെ അടുത്തയിടെ ഒരു കുറിപ്പ് പങ്കു വച്ചിരുന്നു. ആരോഗ്യവാനായ ഒരു പുരുഷൻ തന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാനായി താൻ പണം മുടക്കാൻ തയാറാണെന്നായിരുന്നു ആ പോസ്റ്റ്.

സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ ഒരിക്കൽ താൻ അത്തരത്തിൽ ആലിംഗനം ചെയ്യപ്പെട്ടിരുന്നു. അന്ന് മാനസിക സംഘർഷത്തിന് വലിയ കുറവ് അനുഭവപ്പെട്ടുവെന്നും കുറിപ്പിലുണ്ടായിരുന്നു. പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി.

ലക്ഷക്കണക്കിന് പേരാണ് പോസ്റ്റിന് കമന്‍റുമായി എത്തിയത്. വൈകാതെ നിരവധി സ്ത്രീകൾ സമാനമായ ആവശ്യവുമായി സമൂഹമാധ്യമങ്ങളിൽ എത്തി. ക്ഷമ, ശരീരദൃഢത, സൗന്ദര്യം എന്നിവയെല്ലാം മാൻ മംസിന്‍റെ ഗുണങ്ങളിൽ പെടുന്നുണ്ട്. ദിവസങ്ങളോളം ചാറ്റ് ചെയ്തതിനു ശേഷമാണ് പലരും ആലിംഗനത്തിനായി തയാറാകുന്നത്. നല്ല ഉയരമുള്ള അത്‌ലെറ്റുകളായ സ്ത്രീകളെയും ചിലർ മാൻ മംസിന്‍റെ ഇനത്തിൽ പെടുത്തുന്നുണ്ട്.

See also  ലോസ് ആഞ്ചലിസിൽ കാട്ടുതീ പടരുന്നു; അഞ്ച് മരണം, നിരവധി പേർക്ക് പരുക്ക്

Related Articles

Back to top button