ബേസ്ബോൾ ടൂർണമെന്റിൽ നിന്ന് ടീം പിന്മാറി; ജപ്പാനിൽ റാഗിംഗ് വിവാദം

ടോക്കിയോ: രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഹൈസ്കൂൾ ബേസ്ബോൾ ടൂർണമെന്റിൽ നിന്ന് ഒരു ടീം പിന്മാറിയത് ജപ്പാനിൽ വൻ വിവാദമായി. ഹിരോഷിമയെ പ്രതിനിധീകരിച്ച കോറിയോ ഹൈസ്കൂൾ ടീമാണ് തങ്ങളുടെ ജൂനിയർ താരത്തെ മർദിച്ചെന്ന ആരോപണത്തെ തുടർന്ന് പിന്മാറിയത്. ടൂർണമെന്റ് ആരംഭിച്ച ശേഷം ഒരു ടീം പിന്മാറുന്നത് ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ്.
നേരത്തെ ഈ വർഷം ആദ്യം നടന്ന ഒരു സംഭവത്തിൽ, കോറിയോ ഹൈസ്കൂളിലെ നാല് സീനിയർ താരങ്ങൾ ഒരു ജൂനിയർ വിദ്യാർത്ഥിയെ മർദിച്ചതായി സ്കൂളിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നെഞ്ചിൽ ഇടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതായി സ്കൂൾ അധികൃതർ പറഞ്ഞു. ഈ വിഷയത്തിൽ സ്കൂളിന് മാർച്ചിൽ താക്കീത് നൽകിയിരുന്നെങ്കിലും, സംഭവം പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നിരുന്നില്ല. എന്നാൽ, അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ ഈ സംഭവം വീണ്ടും ചർച്ചയായതോടെയാണ് ടീമിനെതിരെ വലിയ പ്രതിഷേധം ഉയർന്നത്.
തുടർന്ന്, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് ടൂർണമെന്റിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്ന് കോറിയോ ഹൈസ്കൂൾ പ്രിൻസിപ്പൽ മസാകാസു ഹോറി അറിയിച്ചു. റാഗിംഗ് സംഭവം അതീവ ദുഃഖകരമാണെന്നും, വിദ്യാഭ്യാസ രീതികൾ സമൂലമായി ഉടച്ചുവാർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോറിയോ സ്കൂളിന്റെ പിന്മാറ്റം, ഹൈസ്കൂൾ ബേസ്ബോൾ ടൂർണമെന്റിന്റെ സംഘാടകരായ ജപ്പാൻ ഹൈസ്കൂൾ ബേസ്ബോൾ ഫെഡറേഷന് വലിയ തിരിച്ചടിയായി. അക്രമവും റാഗിംഗും ഇല്ലാതാക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തുമെന്ന് ഫെഡറേഷൻ അറിയിച്ചു. ജപ്പാനിലെ ഏറ്റവും വലിയ കായിക താരങ്ങളായ ഷൊഹെയ് ഓട്ടാനി, യു ദർവിഷ് തുടങ്ങിയവർ ഈ ടൂർണമെന്റിലൂടെയാണ് വളർന്നുവന്നത്. അതുകൊണ്ടുതന്നെ ഈ വിവാദം ജപ്പാൻ സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.