റമദാനിൽ നേടിയ ആത്മവിശുദ്ധി നിലനിർത്തുക; വിസ്‌ഡം യൂത്ത് റമദാൻ വിജ്ഞാന വേദി

അരീക്കോട് : വിശുദ്ധ റമദാനിൽ നേടിയ ആത്മവിശുദ്ധിയും സൂക്ഷ്മതയും നില നിർത്താൻ എല്ലാവരും ത്യാഗപൂർണ്ണമായ ജീവിതം നയിക്കണമെന്ന് വിസ്ഡം യൂത്ത് അരീക്കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റമദാൻ വിജ്ഞാന വേദി ആഹ്വാനം ചെയ്തു.
ആഘോഷങ്ങളിൽ അതിര് കടക്കാതിരിക്കാനും, പ്രയാസമനുഭവിക്കുന്ന സഹജീവികളോട് കരുണ കാണിക്കാനും റമദാനിൻ്റെ അവസാന നാളുകളിൽ വിശ്വാസി സമൂഹം പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും സാമ്പത്തിക വിശുദ്ധി നേടാൻ പ്രവാചൻ പഠിപ്പിച്ച സകാത്ത് വിഹിതം അർഹരിലെത്തിക്കാൻ കടുത്ത ജാഗ്രത പുലർത്തണം, സാമ്പത്തിക വിശുദ്ധി നഷ്ടപ്പെട്ടാൽ മറ്റു ആരാധനാ കർമ്മങ്ങൾക്ക് യാതൊരു സ്വീകാര്യതയും ലഭിക്കില്ലെന്ന തിരിച്ചറിവും നമുക്ക് ഉണ്ടാകണമെന്ന് വിജ്ഞാന വേദി അഭിപ്രായപ്പെട്ടു.
റമദാനിലെ 4 ഞായറാഴ്ചകളിലായി അരീക്കോട് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച വിജ്ഞാന വേദിയിൽ പ്രമുഖ പണ്ഡിതന്മാരായ അബ്ദുൽ മാലിക് സലഫി, ശിഹാബ് എടക്കര, മുജീബ് മദനി ഒട്ടുമൽ, സമീർ മുണ്ടേരി, മൂസ സ്വലാഹി കാര, മുനീർ നജാത്തി, യാസർ മദനി പകര, മുനവർ സ്വലാഹി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. വിസ്‌ഡം യൂത്ത് അരീക്കോട് മണ്ഡലം പ്രസിഡണ്ട് സലീം സുല്ലമി വെള്ളേരി, ട്രഷറർ സഫീർ സി ടി പത്തനാപുരം, അബ്ദുൽ റാഫി ആലുക്കൽ, അസ്ഹർ അരീക്കോട്, ഷാനിബ് കെ ടി കുനിയിൽ എന്നിവർ നേതൃത്വം നൽകി.