മിനിയാപൊളിസ് സ്കൂൾ വെടിവെപ്പ്; രണ്ട് കുട്ടികളും അക്രമിയും കൊല്ലപ്പെട്ടു: 17 പേർക്ക് പരിക്ക്

അമേരിക്കയിലെ മിനിയാപൊളിസിലെ കത്തോലിക്കാ സ്കൂളിൽ നടന്ന വെടിവെപ്പിൽ രണ്ട് കുട്ടികളുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. അക്രമിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. മിനിയാപൊളിസിലെ അനൗൺസിയേഷൻ കാത്തലിക് സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്.
ബുധനാഴ്ച രാവിലെ സ്കൂളിൽ രാവിലെ പ്രാർത്ഥന നടക്കുന്നതിനിടെയാണ് ആക്രമണം. ഇരുപതു വയസ് പ്രായമുള്ള അക്രമി, സ്കൂളിന്റെ വശത്തുകൂടി എത്തി ജനലിലൂടെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇയാൾ സ്വയം വെടിവെച്ച് മരിച്ചു. റൈഫിൾ, ഷോട്ട്ഗൺ, പിസ്റ്റൾ തുടങ്ങിയ ആയുധങ്ങൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്നു.
വെടിവെപ്പിൽ എട്ടും പത്തും വയസ്സുള്ള രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ 17 പേരിൽ 14 പേരും കുട്ടികളാണ്. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയതായും ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയ മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ, ഇത് നിരപരാധികളായ കുട്ടികൾക്കെതിരായ ഭീരുത്വം നിറഞ്ഞ അക്രമമാണെന്ന് വിശേഷിപ്പിച്ചു. വെടിവെപ്പിന്റെ കാരണം വ്യക്തമല്ലെന്നും, അക്രമിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പോലീസ് അറിയിച്ചു. സ്കൂളിലെ പ്രാർത്ഥന നടക്കുന്ന സമയത്താണ് വെടിവെപ്പ് നടന്നത് എന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്ന് പോലീസ് മേധാവി ബ്രയാൻ ഒ ഹാര പറഞ്ഞു. ഈ സംഭവം രാജ്യത്തുടനീളം വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.
The post മിനിയാപൊളിസ് സ്കൂൾ വെടിവെപ്പ്; രണ്ട് കുട്ടികളും അക്രമിയും കൊല്ലപ്പെട്ടു: 17 പേർക്ക് പരിക്ക് appeared first on Metro Journal Online.



